ഷിംലയിലെ മെഡിക്കൽ കോളേജിൽ രോഗിയെ മർദിച്ച സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടർ രാഘവ് നരൂലയെയാണ് സസ്പെൻഡ് ചെയ്തത്
ഷിംല: ഷിംലയിലെ മെഡിക്കൽ കോളേജിൽ രോഗിയെ മർദിച്ച സംഭവത്തിൽ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടർ രാഘവ് നരൂലയെയാണ് സസ്പെൻഡ് ചെയ്തത്. ചികിത്സയ്ക്കെത്തിയ അർജുൻ പൻവാറിന്റെ പരാതിയിൽ പൊലീസ് ഡോക്ടർക്കെതിരെ കേസെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു അർജുൻ പൻവാർ. ബ്രോങ്കോസ്കോപ്പിക്ക് ശേഷം കട്ടിലിൽ വിശ്രമിക്കുകയായിരുന്ന അർജുനോട് പരിശോധനയ്ക്ക് എത്തിയ ഡോക്ടർ രാഘവ് നരൂല മോശമായി സംസാരിച്ചു എന്നാണ് ആരോപണം.
ഡോക്ടർ രാഘവ് അർജുനെ നീ എന്ന് വിളിച്ച് സംസാരിച്ചത് അർജുൻ ചോദ്യം ചെയ്തു. ഇതേ തുടർന്നുണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. കട്ടിലിൽ കിടക്കുന്ന അർജുനെ ഡോക്ടർ തുടരെ തുടരെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റൊരു ഡോക്ടർ അർജുന്റെ കാല് പിടിച്ചുവയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെൻഡ് ചെയ്തു. മൂന്നംഗസമിതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നിർദ്ദേശം നൽകി. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടികൾ സ്വീകരിക്കുക.


