ഗേറ്റ് തുറന്ന് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
കൊച്ചി : കുസാറ്റിൽ നാല് പേരുടെ മരണത്തിലേക്ക് നയിച്ച അപകടം നടക്കുന്നതിന് തൊട്ടുമുമ്പുളള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഗേറ്റ് തുറന്ന് നൽകിയതോടെ ആളുകൾ കൂട്ടത്തോടെ സ്റ്റേഡിയത്തിന് ഉള്ളിലേക്ക് ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളിൽ ഒരാൾ മൊബൈലിൽ പകര്‍ത്തിയതാണ് ദൃശ്യങ്ങൾ. ആളുകൾ ഇടിച്ചുകയറുന്നത് കാണാം. 1000 മുതൽ 1500 പേരെ വരെ ഉൾക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഗേറ്റ് തുറന്നതോടെ ഈ ഭാഗത്ത് തളളിക്കയറ്റമുണ്ടായതാണ് അപകടമുണ്ടാക്കിയത്. മഴയും പെയ്തതോടെ കൂടുതൽപേർ ഉള്ളിലേക്ക് കയറുകയായിരുന്നു.
രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമാണ് അപകടം നടന്നത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ്, താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാലുപേരും മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിന് പരിക്കേറ്റ് ശ്വാസതടസം ഉണ്ടായതായും 4 പേരുടേയും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി കുസാറ്റ്
അപകടത്തിൽ മരിച്ച സഹപാഠികൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി കുസാറ്റ്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഒമ്പതരയോടെയാണ് സാറ തോമസ്, ആൻ റുഫ്ത, അതുൽ തമ്പി എന്നിവരുടെ മൃതദേഹം ക്യാമ്പസിലെത്തിച്ചത്. സർക്കാരിന് വേണ്ടി മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ റീത്ത് സമർപ്പിച്ചു. ടെക്ഫെസ്റ്റ് വേദിയിൽ കളിചിരികളുമായി നടന്ന കൂട്ടുകാർ പൊടുന്നനെ ഇല്ലാതായത് ഇനിയും ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ആശുപത്രി മോർച്ചറിയിൽ സാറയുടെയും ആനിന്റെയും അതുലിന്റെയും സഹപാഠികൾ കരഞ്ഞു നിലവിളിച്ചു.
രാവിലെ 7 ന് തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഒമ്പതരയോടെയാണ് കുസാറ്റ് ക്യാംപസിലെ ഐ ടി ബ്ലോക്കിലേക്ക് പൊതുദർശനത്തിനായെത്തിച്ചത്. ആദ്യമെത്തിച്ചത് സാറാ തോമസിന്റെ മൃതദേഹം. പിന്നാലെ ആൻ റുഫ്തയുടെയും അതുൽ തമ്പിയുടേയും മൃതദേഹങ്ങളുമെത്തിച്ചു. കരച്ചിലടക്കാനാവാതെ, പരസ്പരം ആശ്വസിപ്പിക്കുന്ന സഹപാഠികൾ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. സാറയുടെ മൃതദേഹം താമരശേരിയിലേക്കും അതുലിന്റേത് കൂത്താട്ടുകുളത്തേക്കും ആൻ റുസ്തയുടേത് പറവൂരിലേക്കും കൊണ്ടുപോയി.

