കോട്ടയം: പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളിയായി വീണ്ടും പിസി ജോര്‍ജ്ജ്. ജില്ലാ പഞ്ചായത്തിലേക്ക് പൂഞ്ഞാറില്‍ നിന്ന് മകൻ ഷോണ്‍ ജോര്‍ജ്ജിനെ ഇറക്കി കരുത്ത് തെളിയിക്കാനാണ് ഇക്കുറി ജോർജിൻ്റെ ശ്രമം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളേയും ഞെട്ടിച്ച് ഗംഭീര വിജയം സ്വന്തമാക്കിയ പിസി ജോര്‍ജ്ജ് ഈ തദ്ദേശത്തരെഞ്ഞെടുപ്പില്‍ മകനിലൂടെ അത് ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. മറ്റു മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും മുൻപ് തന്നെ പൂഞ്ഞാറിലെ പ്രചാരണരംഗത്ത് സജീവമാണ് ഷോൺ ജോർജ്ജ്. തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണെങ്കിലും എല്ലാവര്‍ക്കും സുപരിചിതനാണ് ഷോണ്‍.

ജനപക്ഷം പാര്‍ട്ടിക്ക് ശക്തമായ വേരൊട്ടമുള്ള സ്ഥലമാണ് കന്നിയങ്കത്തിന് തിരഞ്ഞെടുത്തതും. പാലാ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന ഏഴു പഞ്ചായത്തുകളാണ് പൂഞ്ഞാർ ഡിവിഷനിലുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഡിവിഷനായ ഇവിടെ 80,000 അടുത്ത് വോട്ടർമാരുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ നിര്‍മല ജിമ്മിയെ 600 വോട്ടിനാണ് ജനപക്ഷം സ്ഥാനാര്‍ഥി ലിസി സെബാസ്റ്റ്യന്‍ ഇവിടെ പരാജയപ്പെടുത്തിയത്

പൂഞ്ഞാര്‍ കൂടാതെ ഭരണങ്ങാനം, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. തദ്ദേശഭരണ തെരെഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് യുഡിഎഫിൽ കയറി പറ്റുകയാണ് പിസി ജോര്‍ജ്ജിന്‍റെ ലക്ഷ്യം. നിയമസഭയില്‍ പൂഞ്ഞാറിന് പുറമെ പാലായിലും മത്സരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഷോണ്‍ ജോർജ്ജിന്‍റെ രംഗ പ്രവേശനമെന്നാണ് സൂചന.