കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷുഹൈബിന്റെ അച്ഛൻ സി പി മുഹമ്മദ്. ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ​ഗൂഢാലോചനയിൽ നിരവധി നേതാക്കൻമാർക്ക് പങ്കുള്ളതിനാലാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്ന് മുഹമ്മദ് ആരോപിച്ചു. 

കോടികൾ ചെലവഴിച്ച് അഭിഭാഷകനെ വച്ചത് കൊണ്ടാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ അപ്പീലിൽ അനുകൂല വിധി വന്നത്. ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചാണ് സർക്കാർ ദില്ലിയിൽ നിന്ന് സുപ്രീംകോടതി അഭിഭാഷകനായ വിജയ് ഹൻസാരിയെ കൊണ്ടുവന്നതെന്നും മുഹമ്മദ് പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം വന്നാൽ നേതാക്കൻമാർ പിടിക്കപ്പെടും. അതുകൊണ്ടാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത്. തന്റെ മകനെ കൊന്ന പ്രതികൾ നാട്ടിൽ ഇപ്പോഴും വിലസി നടക്കുകയാണ്.നീതി ലഭിക്കും വരെ പോരാടുമെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെ 10.30-നാണ് മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനായ ഷുഹൈബിന്റെ വധക്കേസുമായി ബന്ധപ്പെട്ട നിർണ്ണായക വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാരിന്റെ അപ്പീൽ ഹർജി അം​ഗീകരിക്കുന്നതായിരുന്നു ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഷുഹൈബിന്‍റെ മാതാപിതാക്കള്‍ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ വർഷം മാർച്ചിൽ ജസ്റ്റിസ് ബി കെമാൽപാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ അപ്പീല്‍ സമര്‍പ്പിച്ചത്.

വിചാരണ ഘട്ടത്തിൽ മാത്രമെ കേസിൽ സിബിഐ അന്വേഷണം വേണമോ, അന്വേഷണത്തിൽ അപാകതയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ബന്ധുക്കൾ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത്. എന്നാൽ, പ്രാഥമിക ഘട്ടത്തിൽ തന്നെ സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി ഹൈക്കോടതി റദ്ദാക്കാനുള്ള പ്രധാന കാരണം.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള വിധി വന്നിരുന്നു. ഒരു വർഷവും നാല് മാസവുമാണ് ഉത്തരവ് സ്റ്റേ ചെയ്തിരുന്നത്. വിചാരണ സമയത്തോ അന്വേഷണ ഘട്ടത്തിലോ ഷുഹൈബിന്റെ ബന്ധുക്കൾ അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു പരാതിയും എവിടേയും ഉന്നയിച്ചതായി കാണുന്നില്ല.

അതിനാൽ, കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും കൂടി ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കികൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിൽ തുടർ അന്വേഷണം ആവശ്യമെങ്കിൽ ഷുഹൈബിന്റെ ബന്ധുക്കൾക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.