Asianet News MalayalamAsianet News Malayalam

സിദ്ദിഖ് കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത് എതിർത്ത് കേന്ദ്രം; ഹർജി നാളത്തേക്ക് മാറ്റി

പത്രപ്രവർത്തക യൂണിയൻ്റെ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. അതേസമയം, സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

siddique kappan should not be shifted to delhi argues centre in sc
Author
Delhi, First Published Apr 27, 2021, 12:14 PM IST

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി കേൾക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. സോളിസിറ്റർ ജനറലിൻ്റെ അഭ്യർത്ഥനയെ തുടർന്നാണ് കേസ് നാളത്തേക്ക് മാറ്റിവച്ചത്. കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത് കേന്ദ്രം കോടതിയിൽ എതിർത്തു. പത്രപ്രവർത്തക യൂണിയൻ്റെ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. അതേസമയം, സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.

സിദ്ദിഖ് കാപ്പൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. പത്രപ്രവർത്തകയൂണിയൻ്റെ ഹർജി ചട്ടവിരുദ്ധമാണെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്. ഹേബിയസ് കോർപ്പസ് അപേക്ഷയ്ക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്കുകയാണ് വേണ്ടതെന്നും തുഷാർ മേത്ത പറഞ്ഞു. സിദ്ദിഖ് കാപ്പനെ ചങ്ങലക്കിട്ടു എന്ന് കെയുഡബ്ള്യുജെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചങ്ങലക്കിട്ടു എന്ന വാദം ശരിയല്ലെന്ന് യുപി സർക്കാർ മറുപടി നല്കി. ഹ‍ർജി ഇന്ന് തന്നെ കേൾക്കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞെങ്കിലും നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെടുകയായിരുന്നു. 

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. സിദ്ദിഖ് കാപ്പന്‍റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ദില്ലി ഘടകവും നല്കിയ ഹർജിയാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ യുപി മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. 

നിലവില്‍ മഥുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദിഖ് കാപ്പന്‍. കൊവിഡ് രോഗബാധിതനായ കാപ്പനെ ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞുവീണതിനെത്തുടർന്നാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

Read more at: ആർഎസ്എസിന്‍റെയും ബിജെപിയുടെയും ഭീരുത്വം പ്രകടം; സിദ്ദിഖ് കാപ്പന് ചികിത്സ ലഭ്യമാക്കണമെന്നും രാഹുൽഗാന്ധി

Follow Us:
Download App:
  • android
  • ios