Asianet News MalayalamAsianet News Malayalam

Silver Line : 'കാണേണ്ട കാര്യമില്ല'; കെ റെയിൽ ‍‍ഡിപിആർ കണ്ടിട്ടില്ലെന്ന് സമ്മതിച്ച് ആഘാത പഠനം നടത്തുന്ന ഏജൻസി

ഡിപിആർ കാണാതെ തന്നെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഏജൻസിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നു. അഭിപ്രായം പറയാൻ ജനപ്രതിനിധികൾ പദ്ധതി രേഖ കാണേണ്ടതില്ലെന്നാണ്  കേരള വോളന്റിയർ ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം. 

Silver Line project agency doing Social Impact Assessment has not seen project dpr
Author
Kannur, First Published Jan 1, 2022, 3:47 PM IST


കണ്ണൂർ: കെ റെയിൽ - സിൽവർ ലൈൻ (Silver Line) പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയും ഡിപിആർ (DPR) കണ്ടിട്ടില്ല. കെ റെയിലിന്റെ (K Rail) വിശദ പദ്ധതി രേഖ ഇതുവരെ കണ്ടിട്ടില്ലെന്ന് സാമൂഹിക ആഘാത പഠനം നടത്തുന്ന കോട്ടയത്തെ കേരള വോളന്റിയർ ഹെൽത്ത് സർവീസസ്
എക്സിക്യൂട്ടീവ് ഓഫീസർ സാജു വി ഇട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന് ഈ രേഖ കാണേണ്ട കാര്യം ഇല്ല എന്നും ഏജൻസി വാദിക്കുന്നു. 

ഡിപിആർ കാണാതെ തന്നെ ജനങ്ങൾ കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നാണ് ഏജൻസിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ പറയുന്നു. അഭിപ്രായം പറയാൻ ജനപ്രതിനിധികൾ പദ്ധതി രേഖ കാണേണ്ടതില്ലെന്നാണ്  കേരള വോളന്റിയർ ഹെൽത്ത് സർവീസസ് എക്സിക്യൂട്ടീവ് ഓഫീസറുടെ വിശദീകരണം. 

പ്രത്യാഘാതത്തെ കുറിച്ചുള്ള പ്രാഥമിക അറിവുമാത്രമാണ് സർക്കാരിനുള്ളത്, ഈ റിപ്പോർട്ട് കൂടി പഠിച്ച ശേഷം സർക്കാരിന് പദ്ധതിയിൽ മാറ്റങ്ങൾ വരുത്താം. തങ്ങളുടെ ഏജൻസിക്ക് ഈ രംഗത്ത് പരിചയം ഇല്ലെന്ന വാദം തെറ്റാണെന്നും സാജു വി ഇട്ടി പറയുന്നു. കേരളത്തിൽ എൺപതിലധികം പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പതിനഞ്ചാം തീയതി മുതൽ കണ്ണൂരിൽ സർവ്വേ തുടങ്ങുമെന്നും ഏജൻസി വ്യക്തമാക്കി. 

കെ- റെയിലിന്‍റെ സാമൂഹിക ആഘാത പഠനത്തിനുള്ള വിഞ്ജാപനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. അതിരടയാള കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം. 

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്, പാപ്പിനിശ്ശേരി, വളപ്പട്ടണം, ഏഴോം, കുഞ്ഞിമംഗലം, മാടായി, പയ്യന്നൂർ, ധർമ്മടം, കോടിയേരി, തലശ്ശേരി, തിരുവങ്ങാട് എന്നിവടങ്ങളിലാണ് ആദ്യഘട്ട സാമൂഹികാഘാത പഠനം. 106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 

Follow Us:
Download App:
  • android
  • ios