Asianet News MalayalamAsianet News Malayalam

സിൽവർ ലൈൻ വിരുദ്ധ സമരക്കാരുടെ മുഖത്തടിച്ച പൊലീസുകാരനെ എആർ ക്യാമ്പിലേക്ക് മാറ്റി

സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും. 

Silverline Protests Action Taken Against Policeman Shabir For Harassing Protestors
Author
Thiruvananthapuram, First Published Apr 23, 2022, 10:24 PM IST

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റയിൽ സിൽവർ ലൈൻ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പൊലീസുദ്യോഗസ്ഥൻ ഷബീറിനെതിരെ ഒടുവിൽ നടപടി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഷബീറിനെ തിരുവനന്തപുരത്ത് എആർ ക്യാമ്പിലേക്കാണ് മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും. 

കഴക്കൂട്ടത്ത് കെ റയിലിന് വേണ്ടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. 

പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാരൻ അതിക്രം കാണിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതിക്രമം ദൃശ്യങ്ങളിൽ വ്യക്തമാണ്, ഒരു ഡിവൈഎസ്പിയുടെ റിപ്പോർട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനാണ് റൂറൽഎസ്പി ഉത്തരവിട്ടത്. 

വകുപ്പുതല അന്വേഷണത്തിന് ശേഷം തുടർനടപടികളാകാമെന്നാണ് നിർദ്ദേശം. ഇത് വലിയ വിവാദമായതോടെയാണ് ഇപ്പോൾ ഷബീറിനെതിരെ നടപടി വന്നിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്തതിനും, പൊലീസുകാർ തമ്മിലടിച്ചതിനും ഉൾപ്പെടെ നിരവധി പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട് ഉദ്യോഗസ്ഥനാണ് ഷെബീർ. ഗാർഹിക അതിക്രമത്തിനും നടപടി നേരിട്ടുണ്ട്. 
ഇത്രയധികം വിവാദങ്ങളുണ്ടായിട്ടും ജോലിയിൽ മാറി നിൽക്കാൻ പോലും ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചില്ലെന്നതാണ് വിവാദമായത്. ഇന്നും മംഗപുരം സ്റ്റേഷനിൽ ഷബീർ ജോലിക്കെത്തി.   

വീണ്ടും അതിക്രമം നടത്തിയെന്ന് വ്യക്തമായിട്ടും പൊലീസുകാരനെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുമേൽ ആരുടെയോ സമ്മർദ്ദമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. പൊലീസ് സംഘടനയും ഷബീറിനെ സംരക്ഷിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. 

Follow Us:
Download App:
  • android
  • ios