തിരുവനന്തപുരം: പ്രളയ ദുരിതാശ്വസ നിധിയിലേക്ക് ആളുകള്‍ പല രീതികള്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നതിനിടെ തട്ടിപ്പിനും ശ്രമം. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡിയോട് സമാനതകളുള്ള ഐഡി നിര്‍മ്മിച്ചാണ് തട്ടിപ്പ്. kerelacmdrf@sbi എന്ന ഐഡി നിർമിച്ചാണ് തട്ടിപ്പ്.

Image may contain: text

ഒരു അക്ഷരത്തില്‍ വരുന്ന വ്യത്യാസം പണം നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കാതെ പോയാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്കാണ് പോവുക. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യുപിഐ സംവിധാനമുണ്ട്.

അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 27 ആയി.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതമാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അതേസമയം  ഇലക്ട്രോണിക് രീതിയില്‍ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 9.30 വരെ എത്തിയത് 220.82 കോടി രൂപയാണ്.