മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്. ഒരു കണ്ടെയ്നർ 22 ടൺ ഭാരം വരും.
കൊച്ചി: കൊച്ചിയിൽ കടലിൽ മുങ്ങിയ കപ്പലിൽ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകൾ. ഇതിൽ 12 എണ്ണത്തിലും കാൽസ്യം കാർബൈഡ് ആണ്. വെള്ളവുമായി കലർന്നാൽ സ്ഫോടനമുണ്ടാകാൻ സാധ്യതയുണ്ടെന്നും, കണ്ടെയ്നറുകൾ മാറ്റിയില്ലെങ്കിൽ സഞ്ചരിക്കുന്ന ടൈം ബോംബാകുമെന്നും എസ്ബി കോളേജ് പ്രൊഫസർ ഡോ. രഞ്ജിത് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും 640 കണ്ടെയ്നറുകളിൽ നൂറെണ്ണം വേർപെട്ട് കടലിൽ വീണിരുന്നു
കണ്ടെയ്നറുകളിൽ രണ്ടെണ്ണം കൊച്ചിയിലേക്കും പത്തെണ്ണം തൂത്തുക്കുടിയിലേക്കുള്ളതും ആയിരുന്നു. മുങ്ങിയ കപ്പലിന് ഉള്ളിലാണ് ഈ കാൽസ്യം കാർബേഡ് അടങ്ങിയ 12 കണ്ടെയ്നകളും ഉള്ളത്. ഒരു കണ്ടെയ്നർ 22 ടൺ ഭാരം വരും. കാൽസ്യം കാർബൈഡ് വെള്ളവുമായി കൂടിക്കലരുമ്പോൾ ആസ്തലീൻ വാതകം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ പറയുന്നു. വെൽഡിങ് മെഷീനിൽ ഉപയോഗിക്കുന്നത് അസറ്റലിൻ വാതകമാണ്.
കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ തൊടരുത്, അടുത്ത് പോകരുത്. കപ്പൽ മുങ്ങിയ മേഖലയിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം കപ്പൽ പൂർണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറിതല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് 14.6 നൗട്ടിക്കൽമൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട്. എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്.

നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരികയാണ്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശിപ്പിക്കുവാൻ ഉള്ള പൊടി എണ്ണ പാടയ്ക്ക് മേൽ തളിക്കുന്നുണ്ട്. ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തീരങ്ങളിൽ ആണ് കൺടെയ്നർ എത്താൻ കൂടുതൽ സാധ്യത. എണ്ണ പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരം പൂർണ്ണമായും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

