കോഴിക്കോട്: കേരളത്തിൽ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളർത്തുന്നതിൽ മുസ്ലീം ലീഗിന് പങ്കെന്ന് സിറാജ് പത്രത്തിന്റെ മുഖപ്രസംഗം. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. ഇസ്ലാമിന്റെ ലേബലിൽ പ്രവർത്തിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വിലാസമുണ്ടാക്കിക്കൊടുത്തത് ലീഗ്. ജമാ അത്തെ ഇസ്ലാമിക്ക് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖം മൂടിയണിയാൻ അവസരം നൽകി. ഐസിസ് റിക്രൂട്ട്മെൻറ് വാർത്ത വന്നപ്പോൾ ലീഗ് പ്രതിരോധം തീർത്തു. സുന്നി പ്രവർത്തകർക്ക് നേരെ കൊലക്കത്തി ഉയരും വിധം സലഫിസ്റ്റ് സ്വാധീനം ലീഗിലുണ്ടായിയെന്നും വിമർശനം.

കാഞ്ഞങ്ങാട് കൊലപാതകം മുസ്ലീം സംഘടനകൾക്കിടയിൽ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. കാന്തപുരം വിഭാഗത്തിന്റെ സജീവ പ്രവർത്തകൻ കൂടിയായ ഔഫിൻ്റെ കൊലപാതകത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. കേരളത്തിൽ തീവ്രവാദം വളർത്തുന്നതിൽ മുസ്‌ലിം ലീഗിന് സുപ്രധാന പങ്കുണ്ടെന്ന് എ പി വിഭാഗം മുഖപത്രം ഇന്ന് കുറ്റപ്പെടുത്തി. ഇസ്ളാമിന്റെ പേരിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് അഡ്രസ് ഉണ്ടാക്കി കൊടുക്കുന്നത് ലീഗ് ആണെന്നും കാന്തപുരം വിഭാഗം ആരോപിക്കുന്നു. ബുധനാഴ്ച രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലീം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 27 വയസായിരുന്നു.