തിരുവനന്തപുരം: എതിര്‍ത്ത് നിൽക്കുന്നവര്‍ക്കും അപ്രിയ സത്യങ്ങൾ പറയുന്നവര്‍ക്കും അങ്ങേ അറ്റത്തെ അരക്ഷിതാവസ്ഥയാണ് കന്യാസ്ത്രീ മഠങ്ങളിലെന്ന് സിസ്റ്റര്‍ ജെസ്മി. സ്വന്തമായി നിലനിൽപ്പുണ്ട് കന്യാസ്ത്രീകൾക്കെന്ന് കണ്ടാൽ മാനസിക രോഗിയായി  ചിത്രീകരിക്കാൻ വരെ സഭ ശ്രമിക്കും. അങ്ങനെ ഉള്ള ശ്രമങ്ങൾ തനിക്കെതിരെ നടന്നിട്ടുണ്ടെന്നും സിസ്റ്റര്‍ ജെസ്മി പ്രതികരിച്ചു. 

സഭയിൽ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സന്യാസിനി സഭ നോട്ടീസ് നൽകിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സിസ്റ്റര്‍ ജെസ്മി. മാനസിക രോഗിയാക്കി മാറ്റാൻ മരുന്ന് കുത്തിവയ്ക്കുന്നതടക്കമുള്ള ഭീഷണികളെ സിസ്റ്റര്‍ ലൂസി കളപ്പുര കരുതിയിരിക്കണമെന്നും സിസ്റ്റര്‍ ജെസ്മി പറയുന്നു. 

പുറത്താക്കുന്നെങ്കിൽ പുറത്താക്കട്ടെ എന്ന സിസ്റ്റര്‍ ജെസ്മിയുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സഭാ ചട്ടക്കൂടിൽ നിന്ന് പുറത്ത് വന്നാലും സന്യാസിനിയായി തുടരാൻ ഒരു തടസവുമില്ലെന്നും സിസ്റ്റര്‍ ജെസ്മി പ്രതികരിച്ചു. 

സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപെട്ടാണ് സന്യാസിനി സഭ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ് അയച്ചത്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് നോട്ടീസിലെ മുന്നറിയിപ്പ്. സിനഡ് തിരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യ വ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. 

സഭയിൽ തന്നെ തുടരുമെന്നും സ്വയം പുറത്ത് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം