Asianet News MalayalamAsianet News Malayalam

പരാതി പിൻവലിച്ച് മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് സഭ, പറ്റില്ലെന്ന് ഉറച്ച നിലപാടുമായി സിസ്റ്റർ ലൂസി

 മാപ്പുപറയാന്‍ തയ്യാറല്ലെന്നും ഒരിക്കലും മഠത്തില്‍ നിന്നും ഇറങ്ങുകയില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Sister Lucy Kalappura says she will not leave nunnery
Author
Wayanad, First Published Oct 18, 2019, 10:00 AM IST

വയനാട്: സഭ തനിക്കുനേരെ ദ്രോഹം തുടരുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സഭാ അധികൃതർക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസിക്ക് എഫ്‍സിസി   കത്തയച്ചതിനോട് പ്രതികരിക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി. മാപ്പുപറയാന്‍ തയ്യാറല്ലെന്നും ഒരിക്കലും മഠത്തില്‍ നിന്നും ഇറങ്ങുകയില്ലെന്നും സിസ്റ്റര്‍ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി നൽകിയ അപ്പീൽ വത്തിക്കാൻ തള്ളിയതിന് പിന്നാലെയാണ് നേതൃത്വം കത്തയച്ചിരിക്കുന്നത്.

അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ സഭയില്‍ നിന്ന് പുറത്തുപോകുകയോ അല്ലെങ്കില്‍ സഭയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍,രണ്ട് പൊലീസ് പരാതികള്‍ തുടങ്ങിയ പിന്‍വലിച്ച് മാപ്പുപറഞ്ഞ് അത് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റർ ലൂസിക്കെതിരെ കടന്നാക്രമണം ശക്തമായത്.

'സ്നേഹമഴയിൽ' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയായിരുന്നു സിസ്റ്റർ ലൂസി വത്തിക്കാന് അപ്പീൽ നൽകിയത്. അപ്പീല്‍ വത്തിക്കാന്‍ തള്ളിയെങ്കിലും മഠംവിട്ട് ഇറങ്ങില്ലെന്ന നിലപാടിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര. എന്ത് വന്നാലും മഠം വിട്ട് താൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറല്ല. ഒരു ഫോൺകോളിൽ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാൻ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തനിക്ക് മഠത്തിൽ തുടരാൻ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുര നേരത്തെ വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios