കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.
കണ്ണൂർ: കണ്ണൂരിൽ വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണത്തിൽ വീണ ജോർജിന്റെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി. ഗൺമാന്റെ മൊഴിയും രേഖപ്പെടുത്തും. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കെഎസ്‍യു പ്രവർത്തകർക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്നും എസ്ഐടി പരിശോധിക്കും. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു പ്രേമന്റെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തുന്നത്.
പ്രതിഷേധക്കാരായ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് വീണയെ ആക്രമിച്ചുവെന്നായിരുന്നു കെഎസ്‍യു പ്രവർത്തകർക്കെതിരായ കേസ്. കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ടി ഒ മോഹനൻ എംഎൽഎയുടെയും കെഎസ്‍യു പ്രവര്‍ത്തകരുടെയും പരാതിയിലാണ് തുടരന്വേഷണം.
ഈ വർഷം ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോർജിനെതിരെ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരിക്കേറ്റതിനെ തുടർന്ന് കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു.
