Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് നിലപാട് അപലപനീയം, എൽഡിഎഫിനെതിരായ നീക്കം ബിജെപിയെ സഹായിക്കാൻ: യെച്ചൂരി

സിഎഎക്കെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭത്തിൽ യുഡിഎഫ് നേതാക്കളെ കാണുന്നില്ലെന്ന് സിതാറാം യെച്ചൂരി കുറ്റപ്പെടുത്തി

Sitaram Yechuri against Congress and UDF at Kerala blames them for criticising CM Pinarayi Vijayan
Author
First Published Apr 19, 2024, 6:53 PM IST

പത്തനംതിട്ട: കേരളത്തിലെ മുഖ്യമന്ത്രിയെ എന്ത് കൊണ്ട് ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന കോൺഗ്രസ് നേതാക്കൾ ചോദ്യത്തെ വിമര്‍ശിച്ച് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. എന്താണ് ഇതിലൂടെ കേരളത്തിൽ യുഡിഎഫ് ലക്ഷ്യമിടുന്നത്? എൽഡ‍ിഎഫിനെയാണ് ലക്ഷ്യം വെക്കുന്നതെങ്കിൽ അത് ബിജെപിയെ സഹായിക്കുന്ന നിലപാടാണ്. ആ യുഡിഎഫ് നിലപാട് അപലപനീയമാണെന്നും അദ്ദേഹം പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പറഞ്ഞു.

മോദിക്കെതിരായ പ്രക്ഷോഭത്തിൽ സിപിഎം ആണ് എപ്പോഴും മുന്നിലയിൽ നിൽക്കുന്നതെന്ന്  സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മും ബിജെപിയും ഒന്നിച്ചാണെന്ന രാഹുലിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. കേരളത്തിൽ അക്കൗണ്ട് തുറക്കും എന്നത് ബിജെപിയുടെ അവകാശവാദം മാത്രമാണ്. അതൊന്നും യാഥാർത്ഥ്യമാകില്ല. തന്റെ വിദ്യാർത്ഥി ജീവിതം തൊട്ട് കേരളത്തിൽ അക്കൗണ്ട് തുറക്കും എന്ന് ബിജെപി പറയുന്നുണ്ട്. രാജ്യത്ത് ബിജെപി ഇതര സർക്കാർ വരും. സിപിഎം പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ യുപിഎ സർക്കാരിൻറെ കാലത്തേത് പോലെ സമ്മർദ്ദം ചെലുത്തി നടപ്പാക്കും. സമ്മർദ്ദം ചെലുത്തി ആവശ്യം നേടി എടുക്കാനുള്ള കഴിവ് രാജ്യത്ത് ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎഎക്കെതിരെ ഒന്നിച്ചുള്ള പ്രക്ഷോഭത്തിൽ യുഡിഎഫ് നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് കൊടുക്കുന്നത് പോലെയാണ്. ജനാധിപത്യ നിലപാട് ഉള്ളത് എൽഡിഎഫിന് മാത്രമാണ്. ഇലക്ടറൽ ബോണ്ട്‌ നിരസിച്ച ഒരേ ഒരു പാർട്ടി സിപിഎമ്മാണ്. ഇലക്ടറൽ ബോണ്ട്‌ നൽകാത്ത കമ്പനികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. മാഫിയ രീതിയിൽ ജനാധിപത്യത്തെ ഇല്ലാതാക്കുകയായിരുന്നു. അഴിമതി-വർഗീയ കൂട്ട് കെട്ട് രാജ്യത്തെ കൊള്ളയടിച്ചു. ഇലക്ടറൽ ബോണ്ട്‌ നൽകാത്ത കമ്പനികളെ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കേരള സർക്കാരിനെ കേന്ദ്രം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് അർഹതയുള്ള പണം നൽകാതെ ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെ സുപ്രീംകോടതിയിൽ പോകേണ്ട അവസ്ഥ വരെയുണ്ടായി. കേരള സർക്കാരിനെ പോലെ തമിഴ്നാടിനെയും വേട്ടയാടുന്നുണ്ട്. ഫെഡറൽ തത്വം അട്ടിമറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഗവർണർമാരെ ഉപയോഗിച്ചും ഫെഡറൽ സംവിധാനം അട്ടിമറിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios