കണ്ണൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കിയ നിയമസഭാ നടപടി തള്ളിയ ഗവര്‍ണറെ തിരിച്ച് വിളിക്കാൻ പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തിൽ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും യെച്ചൂരി കണ്ണൂരിൽ പറഞ്ഞു. 

പ്രതിപക്ഷ പ്രമേയത്തിൽ ചട്ടപ്രകാരം നടപടി ഉചിതമായ സമയത്ത് എടുക്കുമെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ നിലപാട്. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നേരത്തെ പ്രതികരിച്ചിരുന്നു. വിസിലടിക്കും മുമ്പ് ഗോളടിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് എ വിജയരാഘവന്‍റെ പരാമര്‍ശത്തിന് ചെയ്യെണ്ട കാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യാത്തത് കൊണ്ടാണ് പ്രതിപക്ഷ നേതാവിന് ഇടപെടേണ്ടി വന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉചിതമായ നിലപാടെടുക്കുമെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. നാളെയാണ് നയപ്രഖ്യാപന പ്രസംഗം. വെള്ളിയാഴ്ച  ചേരുന്ന കാര്യോപദേശക സമിതിയായിരിക്കും ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയ നോട്ടീസിൽ തീരുമാനം അറിയിക്കുക. 

നിയനമസഭയേയും സര്‍ക്കാര്‍ നടപടികളേയും ഗവര്‍ണര്‍ അവഹേളിക്കുന്നു എന്നാരോപിച്ചാണ് ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്.