Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം എങ്ങനെ വേണമെന്ന് കേന്ദ്രം തീരുമാനിക്കണമെന്ന് യച്ചൂരി

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കേണ്ട കേസല്ല ഇത്.

sitaram yechury response in gold smuggling case
Author
Delhi, First Published Jul 10, 2020, 12:03 AM IST

ദില്ലി: സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്കും അന്വേഷിക്കണോ എന്നത് കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കേണ്ട കേസല്ല ഇത്. അന്വേഷണം എങ്ങനെ വേണം എന്നത് കേന്ദ്ര സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും യച്ചൂരി ദില്ലിയില്‍ പറഞ്ഞു. തിരുവനന്തപുരം സ്വർണ്ണ കള്ളക്കടത്ത് കേസ് കേന്ദ്രത്തിന്‍റെ വിവിധ ഏജൻസികൾ അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

എന്നാൽ, മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് പ്രതിപക്ഷ ആവശ്യം. തർക്കം തുടരുമ്പോൾ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് യച്ചൂരി വ്യക്തമാക്കി. അതേസമയം, സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കാൻ എൻഐഎയ്ക്ക് അനുമതി ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എൻഐഎയ്ക്ക് അനുമതി നൽകിയത്.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണക്കടത്ത് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. സിബിഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിലുള്ളത്. അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് അന്വേഷണാനുമതി നൽകിയത്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എൻഐഎയ്ക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. സ്വർണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കും. 

Follow Us:
Download App:
  • android
  • ios