തിരുവനന്തപുരം: വർക്കല ശിവഗിരി മഠം കേന്ദ്രീകരിച്ചുള്ള തീർത്ഥാടന സർക്യൂട്ട് പദ്ധതി പിൻവലിച്ചതിനെതിരെ സംസ്ഥാനം. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമായാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു.

ശിവഗിരി കേന്ദ്രീകരിച്ചുള്ള തീർത്ഥാടന സർക്യൂട്ട് കേന്ദ്ര സർക്കാരിന്റെ സ്വദേശി പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. വിവിധ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. വിശദമായ പ്രൊജക്ട് റിപ്പോർട്ടടക്കം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നുവെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്തിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ രീതിയിൽ പദ്ധതി നടപ്പിലാക്കുന്ന സ്ഥിതി ഇതുവരെ ഉണ്ടായി. ഇങ്ങിനെ ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ നിർത്തലാക്കിയെന്ന് കേന്ദ്രത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 

സംസ്ഥാനത്തിന്റെ മാനദണ്ഡത്തിന് വിരുദ്ധമായി ഐടിഡിസിക്കാണ് പദ്ധതി നടപ്പിലാക്കാൻ അനുമതി നൽകിയത്. പദ്ധതി റദ്ദ് ചെയ്ത് കൊണ്ടുള്ള കേന്ദ്ര തീരുമാനം കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും ദേവസ്വം മന്ത്രി വിമർശിച്ചു.