തിരുവനന്തപുരം: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ആറു മാസം. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ  വിദ്യാർത്ഥിനി ആയിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി. ജനുവരി മുപ്പതിനാണ് വിദ്യാർത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്. 

ഫെബ്രുവരി രണ്ടിന്‌ ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും രോഗം സ്ഥിരീകരിച്ചതോടെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മാർച്ചിൽ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളിലൂടെ രോഗം സംസ്ഥാനത്ത് രണ്ടാം വരവ് നടത്തി. മാർച്ച് 28 നായിരുന്നു കേരളത്തിലെ ആദ്യ കോവിഡ്  മരണം.

കൊവിഡ് ഭീതി ആറ് മാസം പിന്നിടുമ്പോൾ കേരളത്തിൽ കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നുവെന്ന പരാതികൾ ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. കോവിഡ് രോഗസ്ഥിരീകരണത്തിന് ആറു  മാസം തികയുന്ന അവസരത്തിൽ മാധ്യമങ്ങൾക്കു നൽകിയ ലേഖനത്തിലാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. 

ഐസിഎംആർ മാർഗരേഖ അനുസരിച് കോവിഡ് മരണമായി രേഖപ്പെടുത്തേണ്ട എല്ലാ കേസുകളും കണക്കിൽ ഉൾപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ കോവിഡ് ആശുപത്രികളുടെ ആകെ ശേഷിയുടെ പകുതി മാത്രമേ ഇപ്പോൾ രോഗികൾ ഉള്ളൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിദിനം കേരളം ഇപ്പോൾ ഇരുപത്തിരണ്ടായിരത്തിലേറെ പരിശോധനകൾ നടത്തുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.