Asianet News MalayalamAsianet News Malayalam

Silver Line : 'ഈ കുറ്റി പറിച്ചിട്ട് പോരെ'; കോട്ടയത്തെ ആകാശപാതയുടെ ചിത്രവുമായി സജീഷ്, കോൺ​ഗ്രസിന് പരിഹാസം

കോട്ടയം ന​ഗരത്തിന്റെ നടുവിലുള്ള പണി തീരാത്ത ആകാശപാതയുടെ ചിത്രം പങ്കുവെച്ചായിരുന്നു സജീഷിന്റെ പരിഹാസം. പലപ്പോഴും കോട്ടയം നഗരത്തിൽ എത്തുമ്പോൾ അത്ഭുതത്തോടെ കാണുന്ന ഈ നിർമ്മിതി എന്താണെന്ന് ചോദിച്ച സജീഷ്, ഈ കുറ്റി പറിച്ചിട്ട് പോരെയെന്നു കൂടെ ഫേസ്ബുക്കിൽ കുറിച്ചു

sk sajeesh dyfi leader mocks k sudhakaran with picture of kottayam skywalk
Author
Kottayam, First Published Jan 5, 2022, 4:39 PM IST

കോട്ടയം: സിൽവർ ലൈനിൽ (Silver Line) സർക്കാർ വാശി കാണിച്ചാൽ തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്നുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ (K Sudhakaran) വെല്ലുവിളയോട് പരിഹാസം നിറഞ്ഞ പ്രതികരണവുമായി ഡിവൈഎഫ്ഐ (DYFI) നേതാവ് എസ് കെ സജീഷ്. കോട്ടയം ന​ഗരത്തിന്റെ നടുവിലുള്ള പണി തീരാത്ത ആകാശപാതയുടെ ചിത്രം പങ്കുവെച്ചായിരുന്നു സജീഷിന്റെ പരിഹാസം. പലപ്പോഴും കോട്ടയം നഗരത്തിൽ എത്തുമ്പോൾ അത്ഭുതത്തോടെ കാണുന്ന ഈ നിർമ്മിതി എന്താണെന്ന് ചോദിച്ച സജീഷ്, ഈ കുറ്റി പറിച്ചിട്ട് പോരെയെന്നു കൂടെ ഫേസ്ബുക്കിൽ കുറിച്ചു.

കോട്ടയം ന​ഗരത്തിൽ ഏറെ കൊട്ടിഘോഷിച്ച് പണി ആരംഭിച്ച ആകാശപാതയുടെ നിർമ്മാണം എങ്ങും എത്താത്ത അവസ്ഥയിലാണ്. കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം നിലക്കാൻ കാരണം സംസ്ഥാന സർക്കാരിൻറെ അനാസ്ഥയെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് പണ്ട് സ്ഥലം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചത്. കോട്ടയം നഗര മധ്യത്തിൽ അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന റൗണ്ടാനയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും കാല്‍നട യാത്രക്കാർക്ക് സുഖകരമായ നടത്തവുമൊക്കെ വാഗ്ദാനം ചെയ്താണ് 2016 ൽ ആകാശപ്പാത നിർമ്മാണം തുടങ്ങിയത്.

റോഡ് സുരക്ഷാ ഫണ്ടിൽ നിന്നുള്ള അഞ്ചു കോടി 18 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഗാതഗത വകുപ്പിൻറെ മേൽ നോട്ടത്തിൽ നിര്‍മ്മാണ ചുമതല കിറ്റ്കോയെ ഏൽപ്പിച്ചു. ഒന്നരക്കോടി ചെലവഴിച്ച് 14 ഉരുക്ക് തൂണുകളും അതിനെ ബന്ധിപ്പിച്ച് ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ചു. അതോടെ എല്ലാം അവസാനിക്കുകയായിരുന്നു. അതേസമയം, സിൽവർ ലൈനിൽ സർക്കാർ വാശി കാണിച്ചാൽ യുദ്ധ സന്നാഹത്തോടെ എതിർക്കുമെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞുവച്ചത്. തുടക്കം മുതൽ ഒടുക്കം വരെ കല്ലുകൾ പിഴുതെറിയുമെന്ന് കെപിസിസി അധ്യക്ഷൻ വെല്ലുവിളി നടത്തുകയായിരുന്നു.

പദ്ധതിയിലെ അഞ്ച് ശതമാനം കമ്മീഷനിൽ മാത്രമാണ് സർക്കാരിന്റെ കണ്ണെന്നാണ് സുധാകരൻ്റെ ആക്ഷേപം. ഒരു കാരണവശാലും കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പദ്ധതി നടത്തണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് ലാവലിനെക്കാളും കമ്മീഷൻ കിട്ടും എന്നത് കൊണ്ടാണെന്നാണ് ആരോപണം. സമരമുഖത്തേക്ക് ജനങ്ങളെ കൊണ്ടുവരും. പാക്കേജ് മുഖ്യമന്ത്രിയുടെ ഔദാര്യമല്ല അത് അവകാശമാണ്. സുധാകരൻ നിലപാട് വ്യക്തമാക്കി. കെ റെയിൽ വേണ്ട എന്ന് തന്നെയാണ് കെപിസിസി നിലപാട്.

തൻ്റേടമുണ്ടെങ്കിൽ മുഖ്യമന്ത്രി ഞങ്ങളെ പദ്ധതി ബോധ്യപ്പെടുത്തട്ടെ, എന്നിട്ട് സംസാരിക്കാമെന്നാണ് സുധാകരന്റെ വെല്ലുവിളി. ജനങ്ങളുടെ മനസമാധാനം തകർത്ത സംഭവമായി സിൽവർ ലൈൻ മാറി, ട്രാക്ക് പോകുന്ന പരിസരത്തുള്ളവരും പ്രതിസന്ധിയിലാകും. കല്ലിടുന്നത് കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ കെപിസിസി അധ്യക്ഷൻ കോടതിയെ പോലും ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios