കാസര്‍ഗോഡ്: കൊവിഡ് നിരീക്ഷണത്തില്‍ കഴിയവെ പാമ്പുകടിയേറ്റ ഒന്നരവയസ്സുകാരിക്ക് രക്ഷകനായത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. കാസര്‍ഗോഡ് രാജപുരം പാണത്തൂര്‍ വട്ടക്കയത്ത് ക്വാറന്റീനില്‍ കഴിയുന്ന ദമ്പതികളുടെ കുഞ്ഞിനെയാണ്
പാമ്പുകടിച്ചത്. കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് ആരും വീട്ടിലേക്ക് വരാന്‍ തയ്യാറായില്ല. 

ഒടുവില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ജിനില്‍ മാത്യുവാണ്. ജിനിലിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരടക്കം ജിനിലെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 

''കുഞ്ഞിനെ കടിച്ച അണലിയെ തല്ലിക്കൊന്ന് കവറിലാക്കിയെടുത്ത്, കുഞ്ഞിനെ വാരിയെടുത്ത് നെഞ്ചോടടുക്കി ആംബുലന്‍സ് ഡ്രൈവറായ സുഹൃത്ത് ബിനുവിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും കുതിച്ച സഖാവ്, വിലപ്പെട്ട ഒരു ജീവനാണ് സംരക്ഷിച്ചത്. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു...'' കോടിയേരി കുറിച്ചു. 
 
ബിഹാറില്‍ അധ്യാപകരായ ദമ്പതികള്‍ 16നാണ് വട്ടക്കയത്തെ വീട്ടില്‍ എത്തിയത്. അന്നു മുതല്‍ ക്വാറന്റീനില്‍ ആയിരുന്നു. ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കൊവിഡ് സ്ഥിരീകരിച്ചതോടെ ജിനില്‍ മാത്യു നിരീക്ഷണത്തില്‍ പ്രവേശിച്ചു. 

"