ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. മരണത്തിന് ഉത്തരവാദികളായ ആളുകളിലേക്ക് അന്വേഷണം നീങ്ങുന്നില്ല. ആവശ്യമെങ്കി‌ൽ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. 
 
കെ കെ മഹേശന്റെ മരണശേഷവും കേസിലെ ആരോപണവിധേയർ കുടുംബത്തെ വേട്ടയാടുന്നു. എസ്എൻഡിപി ചേർത്തല യൂണിയന്റെ  പേരിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നോട്ടീസുകൾ വിതരണം ചെയ്യുന്നു. എല്ലാം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. മഹേശന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ഫലപ്രദമല്ലെന്ന് ഭാര്യ ഉഷാദേവി പറയുന്നു. 

അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് കുടുംബത്തിന്റെ  തീരുമാനം. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്കാണ് പ്രത്യേക അന്വേഷണത്തിന്റെ ചുമതല. മഹേശന്റെ  ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴി അന്വേഷണസംഘം രേപ്പെടുത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറയ്ക്ക് മറ്റുള്ളവരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് പൊലീസിന്റെ വിശദീകരണം.