Asianet News MalayalamAsianet News Malayalam

SNDP : എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു, നടപടി പ്രാതിനിധ്യ വോട്ടവകാശം കോടതി റദ്ദാക്കിയതോടെ

അടുത്ത മാസം അഞ്ചിന് നടത്താൻ ഇരുന്ന തിരഞ്ഞെടുപ്പ് (SNDP Election) ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി.ജി.ഹരീന്ദ്രനാഥ് അറിയിച്ചു.

sndp yogam election postponed due to high court verdict
Author
Alappuzha, First Published Jan 25, 2022, 10:44 AM IST

ആലപ്പുഴ: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ എസ്എൻഡിപി (SNDP) യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവെച്ചു. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് (SNDP Election) ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചതായി ചീഫ് റിട്ടേണിംഗ് ഓഫീസർ ബി.ജി.ഹരീന്ദ്രനാഥ് അറിയിച്ചു.

എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി (High Court) റദ്ദാക്കിയതോടെ മുഴുവൻ സ്ഥിരാംഗങ്ങൾക്കും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കാൻ ഇനി മുതൽ വോട്ടുചെയ്യാം. നിലവിൽ ഇരുനൂറ് അംഗങ്ങൾക്ക് ഒരാളെന്ന നിലയ്ക്കായിരുന്നു പ്രാതിനിധ്യവോട്ടവകാശമുള്ളത്. ഒരു ശാഖയിൽ 600 പേരുണ്ടെങ്കിൽ മൂന്നു പേർക്ക് വോട്ടവകാശം ലഭിക്കും. നിലവിൽ പതിനായിരത്തോളം പേർക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉളളത്. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുളള ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 

1974 ലെ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രാതിനിധ്യവോട്ടവകാശം നിശ്ചയിച്ചത്. നൂറുപേർക്ക് ഒരാൾ എന്ന നിലയിലായിരുന്നു ആദ്യകാലങ്ങളിൽ ഇത്. എന്നാൽ 1999 ൽ എസ് എൻ ഡി പി യോഗത്തിന്‍റെ ബൈലോ ഭേദഗതി ചെയ്ത് വോട്ടവകാശം ഇരുനൂറിൽ ഒരാൾക്കാക്കി. ഇത്തരത്തിൽ പ്രാതിനിധ്യ വോട്ടവകാശത്തിന് ഉത്തരവ് നൽകാൻ കേന്ദ്രസർക്കാരിന് അവകാശമില്ലെന്ന കണ്ടെത്തലോടെയാണ് നിലവിലെ രീതി റദ്ദാക്കിയത്. 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പുതിയ ഉത്തരവോടെ എസ് എൻ ഡി പി യോഗത്തിലെ സ്ഥിരാംഗങ്ങളായ മുപ്പതുലക്ഷത്തോളം പേർക്കാണ് വോട്ടവകാശം ലഭിക്കുക. 

 

Follow Us:
Download App:
  • android
  • ios