Asianet News MalayalamAsianet News Malayalam

'മറ്റൊരു പൊതു പ്രവർത്തക നൽകുന്ന രാഷ്ടീയാതീത പിന്തുണ'; മുല്ലപ്പള്ളി മാപ്പ് പറയണമെന്ന് ശോഭ സുരേന്ദ്രൻ

വിവാദ പരാമർശത്തിൽ മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയ ​ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്നും കൂട്ടിച്ചേർത്താണ് ശോഭ സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

sobha surendran reacts against mullappally statement over shylaja teacher
Author
Trivandrum, First Published Jun 20, 2020, 4:13 PM IST

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ വിവാദപരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കെപിസിസി അധ്യക്ഷൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു എന്നാണ് ശോഭ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്. 'കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം.' ശോഭ സുരേന്ദ്രന്റെ കുറിപ്പിൽ പറയുന്നു.

വിവാദ പരാമർശത്തിൽ മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയ ​ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്നും കൂട്ടിച്ചേർത്താണ് ശോഭ സുരേന്ദ്രൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിപാ രാജകുമാരി പട്ടം തട്ടിയെടുത്ത ആരോഗ്യമന്ത്രി ഇപ്പോൾ കോവിഡ് റാണി പട്ടം കൂടി നേടാനുള്ള ശ്രമമാണെന്ന‍ായിരുന്നു മന്ത്രിക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരിഹാസം. സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് വിഷയത്തിലുണ്ടായത്. പ്രസ്താവനയ്ക്ക് പിന്നാലെ നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും, നിപയെ അതിജീവിച്ച നഴ്സിംഗ് വിദ്യാർത്ഥിനി അജന്യയും മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരുന്നു. അതേ സമയം തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു എന്ന നിലപാടാണ് മുല്ലപ്പള്ളി സ്വീകരിച്ചിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്.മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.

 

Follow Us:
Download App:
  • android
  • ios