തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി സ്വീകരിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഒരു കൂട്ടം അധ്യാപകര്‍ പ്രതിഷേധവുമായി എത്തിയത്. വിഷുക്കൈനീട്ടം പോലും കുട്ടികള്‍ അതിജീവന പ്രവര്‍ത്തികള്‍ക്കായി നല്‍കുമ്പോള്‍ അധ്യാപകരുടെ ഇത്തരം നടപടികള്‍ അപലപിക്കേണ്ടതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായുള്ള പ്രതികരണം. 

പൊലീസ് ജീപ്പിന് കൈകാണി ച്ച് കയ്യിലെ സമ്പാദ്യം മുഴുവന്‍ നല്‍കിയ ലളിതമ്മയെ പോലുള്ളവരെ ഈ സര്‍ക്കുലര്‍ കത്തിക്കുന്ന അധ്യാപകര്‍ കണ്ടുപഠിക്കണമെന്ന് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ശക്തമാവുകയാണ്. ഈ സമയത്ത് രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കുകയല്ല വേണ്ടതെന്നും ഒരുമിച്ച് നിന്ന് സഹകരിക്കുകയാണ് വേണ്ടതെന്നും നിരവധിപ്പേരാണ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ പ്രതിഷേധിക്കുന്നവരെക്കുറിച്ച് ലജ്ജ തോന്നുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്. ഉത്തരവ് കത്തിച്ച നിങ്ങളെയോര്‍ത്ത് വിദ്യാര്‍ഥിയെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന പോസ്റ്ററും പിടിച്ചുകൊണ്ട് നില്‍ക്കുന്ന കുട്ടികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ കത്തിക്കുന്ന അധ്യാപകര്‍ എന്ത് മാതൃകയാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. ഇതെല്ലാം കഴിഞ്ഞ് ഇവര്‍ തന്നെയല്ലേ അന്യന് ഉപകാരം ചെയ്യേണ്ടതിനേക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കേണ്ടതെന്നും വിമര്‍ശനം രൂക്ഷമാണ്. എന്നാല്‍ സർക്കാർ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പോകാതിരിക്കാൻ പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ പറഞ്ഞപ്പോൾ വിദ്യാർത്ഥികൾക്ക് ക്ലാസ് പോലും എടുക്കാതെ അനിശ്ചിത കാലം സമരം നടത്തിയവരാണ് ഇപ്പോള്‍ സര്‍ക്കുലര്‍ കത്തിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നതെന്നാണ് മറുവാദം.

കലാകാരനും എഴുത്തുകാരനും തിരുവനന്തപുരം യൂണിവേഴ്സിറ്റി കലാലയത്തിലെ മലയാള വിഭാഗം അധ്യാപകൻ കൂടിയായ ഡോക്ടർ കെ ബി സെൽവമണിയും സര്‍ക്കുലര്‍ കത്തിച്ച് നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.