Asianet News MalayalamAsianet News Malayalam

അഴകിയ രാവണനായ തൃത്താല സിങ്കം നാട്ടിലുള്ളതാണ് സമാധാനമെന്ന് ജലീല്‍; അഴുകിയ ചാണകമാകരുതെന്ന് ബല്‍റാം

വംശീയ അധിക്ഷേപം നടത്തിയെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ജലീല്‍ കുറിച്ച പോസ്റ്റിന് താഴെ കമന്‍റിലൂടെ മറുപടി നല്‍കിയാണ് ബല്‍റാം രംഗത്തെത്തിയത്

social media fight between kt jaleel and vt balram
Author
Malappuram, First Published Mar 25, 2019, 8:55 PM IST

മലപ്പുറം: സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് കോണ്‍ഗ്രസ് യുവ എം എല്‍ എ വിടി ബല്‍റാം. പലപ്പോഴും വിവാദങ്ങളും ബല്‍റാമിനെ തേടിയെത്താറുണ്ട്. കെ ആര്‍ മീരയുമായി ബല്‍റാം സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒരു വിഭാഗം പിന്തുണച്ചപ്പോള്‍ വിമര്‍ശനവുമായി മറുപക്ഷവും നിലയുറപ്പിച്ചിരുന്നു. ഇപ്പോഴിതാ മന്ത്രി കെ ടി ജലീലുമായി സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുകയാണ് ബല്‍റാം.

വംശീയ അധിക്ഷേപം നടത്തിയെന്ന തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ മന്ത്രി ജലീല്‍ കുറിച്ച പോസ്റ്റിന് താഴെ കമന്‍റിലൂടെ മറുപടി നല്‍കിയാണ് ബല്‍റാം രംഗത്തെത്തിയത്. പോസ്റ്റില്‍ മന്ത്രി ബല്‍റാമിനെ തൃത്താല സിങ്കം എന്നും എല്ലാം തികഞ്ഞൊരു അഴകിയ രാവണന്‍ നാട്ടിലുള്ളതാണ് ഏക സമാധാനം എന്നും കുറിച്ചിരുന്നു. ഇതിന് മറുപടിയായി 'അഴുകിയ ചാണക'മായി മാറരുത് ബഹുമാനപ്പെട്ട മന്ത്രി എന്നാണ് ബല്‍റാം കുറിച്ചത്.

കെ ടി ജലീലിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ഞാൻ വംശീയ അധിക്ഷേപം നടത്തിയെന്ന രൂപത്തിൽ ചില പോസ്റ്റുകൾ കാണാൻ ഇടയായി. എന്റെ ഒരു കമന്റിന് ഇമേജായി കൊടുത്ത ഒരു സൈബർ ട്രോളറുടെ നിരുപദ്രവകരവും വിമർശനാത്മകവുമായ ട്രോളിനെ ആസ്പദിച്ചാണ് UDF സൈബർ പോരാളികൾ രംഗത്ത് വന്നിരിക്കുന്നത്. പോസ്റ്ററൊട്ടിപ്പും കൂലിവേലയും പോലെ പവിത്രമാണ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അതിനും മലയാളികളെ കിട്ടാത്ത സ്ഥിതിയാണെന്നുമാണ് പ്രസ്തുത ട്രോളിന്റെ രത്നച്ചുരുക്കം. ജോലികളും ഉത്തരവാദിത്തങ്ങളും ഇതര സംസ്ഥാനക്കാരെ ഏൽപിച്ച് കയ്യും കെട്ടി ഇരുന്ന് കുഴിമടിയൻമാരാകാൻ തുനിയുന്നതിന് എതിരെയുള്ള ഹാസ്യം തുളുമ്പുന്ന ട്രോളാണ് ഒരു അഖിലലോക കുറ്റമായി അവതരിപ്പിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ 'Moron' കളായ തൃത്താല സിങ്കത്തിന് ഞാനാ ഗണത്തിൽ പെട്ടില്ലങ്കിലല്ലേ അൽഭുതമുള്ളൂ. എല്ലാം തികഞ്ഞൊരു "അഴകിയ രാവണൻ" നാട്ടിലുണ്ടെന്നുള്ളതാണ് ഒരേ ഒരു സമാധാനം !!! 

"ഇസ്ലാമോഫോബിയ" പോലെത്തന്നെ വെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ് "കമ്മ്യൂണിസ്റ്റോഫോബിയ" യും. രണ്ടും അസഹിഷ്ണുതയുടെയും പരദർശന വിദ്വേഷത്തിന്റെയും അടയാളങ്ങളത്രെ. ഈ രണ്ടു ഫോബിയകളും ഒരേ സമയം ഹൃദയത്തിന്റെ ഇടതും വലതും സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകളും വർണ്ണക്കളർ ഖദർ ധാരികളായ ചില കോൺഗ്രസ്സ് 'ഷോ'വനിസ്റ്റുകളും.

ബല്‍റാമിന്‍റെ മറുപടി പൂര്‍ണരൂപത്തില്‍

ലോകം മുഴുവൻ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും നേതൃത്വം നൽകിയ, അതിലുമെത്രയോ ഇരട്ടി ആളുകളെ സൈബീരയിലേതു പോലുള്ള തടങ്കൽപ്പാളയങ്ങളിലിട്ട് കൊല്ലാക്കൊല ചെയ്ത, വിരുദ്ധാഭിപ്രായങ്ങളെ നിഷ്ഠൂരമായി അടിച്ചമർത്തിയ, പ്രതിഷേധിക്കുന്നവർക്ക് നേരെ പാറ്റൺ ടാങ്കുകൾ ഓടിച്ച് കയറ്റി ചതച്ചരച്ച, അങ്ങനെയങ്ങനെ ദശാബ്ദങ്ങൾ നീണ്ടു നിന്ന എണ്ണിയാലൊടുങ്ങാത്ത കൊടും ക്രൂരതകളുടെ നേരിട്ടുള്ള അനുഭവങ്ങളുടെ പേരിലാണ് താങ്കളീപ്പറയുന്ന മനോഭാവം കമ്മ്യൂണിസ്റ്റുകളേക്കുറിച്ച് ലോകമെമ്പാടും ഉയർന്നു വന്നത്. അതിന് തുല്യമാണ് ലോകം മുഴുവൻ വംശീയവാദികളും തീവ്രവലതുപക്ഷക്കാരും ഇന്ത്യയിൽ ആർഎസ്എസും കൃത്യമായ വർഗീയ ലക്ഷ്യത്തോടെ ഉയർത്തുന്ന ഇസ്ലാമോഫോബിയ എന്ന് താങ്കളേപ്പോലെ ചരിത്രത്തിൽ ഡോക്റ്ററേറ്റുള്ള ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമോഫോബിയക്ക് മികച്ച ന്യായീകരണമായി മാറുകയാണെന്ന് തിരിച്ചറിയാൻ താങ്കൾക്ക് സാധിക്കുന്നുണ്ടോ? ഇങ്ങനെ "അഴുകിയ ചാണക"മായി മാറരുത് ബഹുമാനപ്പെട്ട മന്ത്രീ നിങ്ങൾ.

Follow Us:
Download App:
  • android
  • ios