പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് പ്രതിഭയുടെ ഫേസ്ബുക്ക് പേജില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. നിരവധി പേർ രാഷ്ട്രീയ കമന്‍റുകളുമായി എത്തിയതോടെ ആ പോസ്റ്റ് അപ്രത്യക്ഷമായി.
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റിടലും പിൻവലിക്കിലും നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലുമായാണ് എംഎൽഎ ആദ്യമെത്തിയത്. എന്നാൽ, പരാമർശം ജി സുധാകരനെതിരായ ഒളിയമ്പാണെന്ന് കമന്‍റുകൾ നിറഞ്ഞതോടെ എംഎൽഎ പോസ്റ്റ് മുക്കി.
തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണവുമായി പിന്നീട് നൽകിയ പോസ്റ്റും എംഎൽഎ പിൻവലിച്ചതോടെ വിവാദം മുറുകി. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന പഴഞ്ചൊല്ലാണ് രാത്രിയോടെ, യു പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പേജിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്.
തൊട്ടുപിന്നാലെ ആരാണ് പൊട്ടനെന്നും ചട്ടനെന്നുമുള്ള കമന്‍റുകൾ നിറഞ്ഞു. മന്ത്രി ജി സുധാകരനെ ഉന്നംവച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്ന് കൂടുതൽ പേർ അഭിപ്രായപ്പെട്ടു. കായംകുളത്ത് പ്രതിഭയെ സുധാകരനും കൂട്ടരും കാലുവാരിയെന്നും അതിന് സുധാകരൻ ഇപ്പോൾ അനുഭവിക്കുകയാണെന്നും ചിലർ കമന്‍റിട്ടു. ജി സുധാകരനെതിരായ പൊലീസിലെ പരാതി ഉൾപ്പെടെ പറഞ്ഞായിരുന്നു കമന്‍റുകൾ.
മറ്റുചിലർ കെ ടി ജലീലിന്‍റെ രാജിയിലേക്ക് വിരൽചൂണ്ടി. എന്തായാലും കമന്‍റുകൾ നിറഞ്ഞതോടെ എംഎൽഎ പോസ്റ്റ് മുക്കി. തന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തെന്നും ദുർവ്യാഖ്യാനങ്ങൾ ഒഴിവാക്കണമെന്ന ആഭ്യർത്ഥനയുമായി അടുത്ത പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. എന്നാൽ, മിനിറ്റുകൾക്കുള്ളിൽ വിശദീകരണ പോസ്റ്റും യു പ്രതിഭ പിൻവലിച്ചു.
ഇതോടെ നവമാധ്യമങ്ങളിലെ ചർച്ച കൊടുമുടിയേറി. എംഎൽഎയുടെ ഫേസ്ബുക്കിലെ പരാമർശങ്ങൾ മുൻപും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പ്രതിഭയുടെ വിമർശനാത്മകമായ പോസ്റ്റ്, സിപിഎം നേതൃത്വം ഗൗരവത്തോടെ കാണുമെന്നത് ഉറപ്പാണ്. എംഎൽഎയുടെ വിശദീകരണത്തിനായും കാത്തിരിക്കാം.

