തിരുവനന്തപുരം: സോളാർ പരാതിക്കാരിയുടെ കത്തിൽ ഗണേഷ് കുമാറിടപെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തെന്ന മനോജ് കുമാറിന്റെ വെളിപ്പെടുത്തലോടെ സോളാർ വിവാദം വീണ്ടും സജീവമായി. രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. മനോജ് കുമാറിന്റെ ആരോപണം നിഷേധിക്കുമ്പോഴും പരാതിക്കാരി ജോസ് കെ മാണിക്ക് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നത് സർക്കാരിനെയും സമ്മർദത്തിലാക്കുന്നു.

ലൈംഗികപീഡനത്തെക്കുറിച്ച് സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഗണേഷ് കുമാർ ഇടപെട്ട് എഴുതി ചേർത്തുവെന്നായിരുന്നു മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ. ഇത് തള്ളിയ പരാതിക്കാരി ഉമ്മൻചാണ്ടിക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വ്യക്തമാക്കി. ജോസ് കെ മാണിക്കെതിരായ പരാതിയിലും ഉറച്ചു നിൽക്കുന്നുവെന്ന് അവർ പറഞ്ഞു.

സോളാറിൽ മുൻമന്ത്രി എ.പി അനിൽകുമാറിനെതിരായ പരാതിയിൽ മൂന്നാം തീയതി രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് പുതിയ നീക്കങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നിൽ നിൽക്കുന്ന ഘട്ടത്തിൽ കേസിൽ പരാമർശിക്കപ്പെട്ട ബാക്കി നേതാക്കൾക്ക് എതിരായും മൊഴി രേഖപ്പെടുത്തലും തുടർനടപടിയിലേക്കും അന്വേഷണ സംഘം കടക്കുമോയെന്നതും പ്രധാനമാണ്. ഇതോടെ ജോസ് കെ മാണിക്കെതിരായ പരാതിയിലും ഇതേ നടപടി വേണ്ടി വരും. ഇതാണ് സർക്കാരിനെ സമ്മർദത്തിലാക്കുന്നത്.  ഗണേഷ് കുമാറിനെതിരെ പഴയ ബന്ധുവും വിശ്വസ്തനുമായ മനോജ് കുമാർ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും ഗണേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. മനോജ് കുമാറിന്റെ വെളിപ്പെടുത്തൽ ആയുധമാക്കിയായിരിക്കും യുഡിഎഫ് അന്വേഷണ നീക്കങ്ങളെ നേരിടുക. അതേസമയം പരാതിക്കാരി ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായിരിക്കും സർക്കാരിന്റെയും ഇടതുമുന്നണിയുടെയും പിടിവള്ളി.