തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഒരു പ്രതിയെയും മർദ്ദിച്ചിട്ടില്ലെന്ന് എ ഹേമചന്ദ്രൻ. ഇക്കാര്യത്തിൽ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയു‌ടെ പിഎ ആയിരുന്ന ടെന്നി ജോപ്പൻ്റെ ആരോപണം തള്ളി പൊലീസ് ഉപദേഷ്ടാവ് എ ഹേമചന്ദ്രൻ. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ജോപ്പനെയെന്നല്ല ഒരു പ്രതിയെയും മർദ്ദിച്ചിട്ടില്ല. ഇക്കാര്യത്തിൽ താനൊരു പരസ്യ പ്രതികരണത്തിനില്ലെന്നും എ ഹേമചന്ദ്രൻ പറഞ്ഞു. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചപ്പോൾ അന്നത്തെ ഐജിയായിരുന്ന എ ഹേമചന്ദ്രൻ മുഖത്തടിച്ചു എന്നായിരുന്നു ജോപ്പൻ്റെ ആരോപണം. കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ജോപ്പൻ്റെ ആരോപണം.

ടെന്നി ജോപ്പനെതിരെ നിയമപരമായ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായർ കോടതിയെ അറിയിച്ചതോടെയാണ് ഹൈക്കോടതിയുടെ തീരുമാനം. ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രൻ അറസ്റ്റിന് മുൻപ് തന്നെ ഉപദ്രവിച്ചെന്നും ടെന്നി ജോപ്പൻ പ്രതികരിച്ചു. സരിത നായർക്ക് പണം കൊടുക്കാൻ ടെന്നി ജോപ്പൻ സമ്മർദ്ദം ചെലുത്തി എന്ന മല്ലേലി ശ്രീധരൻ നായരുടെ മൊഴിപ്രകാരമായിരുന്നു കേസും പിന്നാലെ അറസ്റ്റും നടന്നത്. പത്തനംതിട്ട കോന്നി പൊലീസ് ജില്ല JFMC കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും വിചാരണ തുടങ്ങിയിരുന്നില്ല. ഇതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെന്നി ജോപ്പൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ കോടതി പരാതിക്കാരന്റെ നിലപാട് തേടി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജോപ്പനെതിരായ പരാതി കോടതിക്ക് പുറത്ത് പറഞ്ഞ് തീ‍ർത്തെന്നും ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ശത്രുക്കൾ പുറത്തല്ല, ഉള്ളിൽ തന്നെയായിരുന്നുവെന്ന് പറഞ്ഞ ടെന്നി ജോപ്പൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ ഹേമചന്ദ്രനെതിരെയും ഗുരുതര ആരോപണം ഉന്നയിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദേശത്ത് തുടരുമ്പോൾ നടന്ന ടെന്നി ജോപ്പന്റെ അറസ്റ്റ് വലിയ രാഷ്ട്രീയവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഏക അറസ്റ്റായിരുന്നു ടെന്നി ജോപ്പന്റേത്. കേസിൽ ഒന്നാം പ്രതി സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ രണ്ടാം പ്രതിയുമാണ്.

YouTube video player