വയനാട്: വലയസൂര്യഗ്രഹണം ലോകത്തെ കാണിക്കാന്‍ വയനാട് ഒരുങ്ങുന്നു. വരുന്ന ഡിസംബർ 26ന് ആകാശത്ത് സംഭവിക്കുന്ന വലയസൂര്യഗ്രഹണം, ഏറ്റവും നന്നായി കാണാനാവുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വയനാട്ടിലെ കല്‍പറ്റ. വിപുലമായ പരിപാടികളാണ് ശാസ്ത്ര പ്രേമികള്‍ അന്നേദിവസം ജില്ലയില്‍ സംഘടിപ്പിക്കുന്നത്.

സാധാരണ ഭൂമിയില്‍നിന്നും കാണുന്ന സൂര്യബിംബത്തെ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ ഇത് സംഭവിക്കും. ചില സന്ദർഭങ്ങളില്‍ ചന്ദ്രന് ഭൂമിയില്‍നിന്നും സൂര്യനെ പൂർണമായി മറയ്ക്കാനാകില്ല, അപ്പോള്‍ ഒരു വലയം ബാക്കിയാകും, ഇതാണ് വലയ സൂര്യഗ്രഹണം. അപൂർവമായി സംഭവിക്കുന്ന ഈ പ്രതിഭാസം വരുന്ന ഡിസംബർ 26ന് രാവിലെ 9.27ന് മാനത്ത് കാണാം. 

ലോകത്തുതന്നെ ഏറ്റവും നന്നായി വലയ സൂര്യഗ്രഹണം കാണാനാവുക വയനാട് കല്‍പറ്റയില്‍വച്ചാണെന്ന് സൂര്യഗ്രഹണ മാപ്പില്‍ വ്യക്തമാകുന്നു. ക്രിസ്മസ് അവധിദിവസം കൂടിയായ അന്ന് കാർമേഘം കാഴ്ച മറച്ചില്ലെങ്കില്‍ വലയസൂര്യഗ്രഹണ കാഴ്ച ആഘോഷമാക്കാനാണ് ജില്ലയിലെ ശാസ്ത്രപ്രേമികളുടെ തീരുമാനം. ലോകത്തെ പ്രമുഖ ശാസ്ത്രജ്‍ഞരും ശാസ്ത്ര പ്രേമികളും വിദ്യാർത്ഥികളും അപൂർവ കാഴ്ച കാണാന്‍ ഡിസംബർ 26ന് വയനാട്ടിലേക്കെത്തും.