Asianet News MalayalamAsianet News Malayalam

'സോളാര്‍ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം തെറ്റ്'; പണം വാങ്ങിയല്ല കത്ത് കൈമാറിയതെന്ന് ടി ജി നന്ദകുമാർ

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്‍ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

solar rape case t g nandakumar says not bought money for controversial letter nbu
Author
First Published Sep 13, 2023, 10:47 AM IST

കൊച്ചി: സോളാര്‍ കേസില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരായ ആരോപണം തെറ്റാണെന്ന് ടി ജി നന്ദകുമാര്‍. പണം വാങ്ങിയല്ല ഏഷ്യാനെറ്റ് ന്യൂസിന് പരാതിക്കാരിയുടെ കത്ത് കൈമാറിയതെന്നും ടി ജി നന്ദകുമാര്‍ വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജോഷി കുര്യന്‍ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഒരു രൂപ പോലും വാങ്ങാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നൽകിയത്. പരാതിക്കാരിയ്ക്ക് 1.25 ലക്ഷം രൂപ നൽകിയാണ് കത്ത് താന്‍ വാങ്ങിയതെന്നും ടി ജി നന്ദകുമാർ വെളിപ്പെടുത്തി. എന്നാൽ ഒരു രൂപ പോലും വാങ്ങാതെയാണ് ഏഷ്യാനെറ്റ് ന്യൂസിന് താൻ കത്ത് നൽകിയത്. ഒന്നാമതുള്ള ചാനല്‍ എന്ന നിലയിലാണ് ഏഷ്യാനെറ്റ് ന്യൂസിന് കത്ത് നല്‍കിയത്. ജോഷി കുര്യൻ കത്ത് പുറത്ത് വിട്ടത് പരാതിക്കാരിയെ കണ്ട് ഉറപ്പാക്കിയ ശേഷമാണ്. 2021 ൽ പരാതിക്കാരിയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർക്ക് ഈ കേസ് കലാപത്തിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ടി ജി നന്ദകുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

2011 മുതൽ 2016 വരെയുള്ള ഉമ്മൻ‌ചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി എസ് അച്യുതാനന്ദന്‍ തന്നോട് അവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള  25 പേജുള്ള കത്ത് അടക്കം പരാതിക്കാരി എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ്‌ കത്ത് ഏൽപ്പിച്ചതെവെന്നും  ടി ജി നന്ദകുമാർ പറയുന്നു.

കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്‍റെ സമയത്തോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച്  പിണറായി വിജയനുമായി ചര്‍ച്ച ചെയ്തത്. ശരണ്യ മനോജും പരാതിക്കാരിയും തന്നെ കാണാന്‍ വന്നപ്പോള്‍ അമ്മയുടെ ചികിത്സയുടെ കാര്യം പറഞ്ഞത് കൊണ്ടാണ് പരാതിക്കാരിയ്ക്ക് താന്‍ പണം നല്‍കിയത്. പരാതിക്കാരിയ്ക്ക് മൂന്ന് തവണയായിട്ടാണ് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ നൽകിയത്. ഇതല്ലാതെ മറ്റൊരു സാമ്പത്തിക ഇടപാടും ഈ കത്തിന്‍റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി.

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അതിജീവിത പിണറായി വിജയനെതിരെ പരാതി നല്‍കിയിരുന്നു. പരാതിക്കാരി അന്ന് പിണറായിയെ കണ്ടത് സ്വമേധയയാണെന്നും താന്‍ യാതൊരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും ടി ജി നന്ദകുമാർ വ്യക്തമാക്കി. കത്തു പുറത്ത് വിടാൻ ആരും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പിണറായി തന്നോട് കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയനെ കണ്ടത് എകെജി സെന്‍ററിന് മുന്നിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും ടി ജി നന്ദകുമാർ പറയുന്നു. ഗണേഷ് കുമാര്‍ തന്നോട് ശത്രുതാ മനോഭാവം ഉള്ളയാളാണെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios