Asianet News MalayalamAsianet News Malayalam

പത്തനംതിട്ട ഡിസിസി അടിയന്തരമായി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

ഒരറ്റത്ത് നിന്ന് ഹൈക്കമാന്റ് അഴിച്ചു പണി തുടങ്ങി കഴിഞ്ഞു. ഉടൻ കെപിസിസി അധ്യക്ഷനെയും പിന്നാലെ അനുബന്ധ കമ്മിറ്റികളും പിരിച്ചുവിടുമെന്ന സൂചനകളും പുറത്ത് വന്നു.

some of congress leaders demand leadership change in pathanamthitta DCC
Author
Pathanamthitta, First Published May 23, 2021, 7:51 AM IST

പത്തനംതിട്ട: സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റത്തിന്റെ സൂചനകൾ വന്നതിന് പിന്നാലെ ജില്ലാ കമ്മിറ്റികൾ അഴിച്ച് പണിയണമെന്ന വികാരം ശക്തമാവുന്നു. പത്തനംതിട്ട ഡിസിസി അടിയന്തരമായി പിരിച്ചുവിടണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ സമീപിച്ചു. ജില്ലയിലെ കനത്ത പരാജയത്തിൽ ഡിസിസി പ്രസിഡന്റിനെതിരെയാണ് ആരോപണങ്ങൾ ഉയരുന്നത്.

ഒരറ്റത്ത് നിന്ന് ഹൈക്കമാന്റ് അഴിച്ചു പണി തുടങ്ങി കഴിഞ്ഞു. ഉടൻ കെപിസിസി അധ്യക്ഷനെയും പിന്നാലെ അനുബന്ധ കമ്മിറ്റികളും പിരിച്ചുവിടുമെന്ന സൂചനകളും പുറത്ത് വന്നു. പക്ഷെ പത്തനംതിട്ട ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ ഇനിയും കാത്തിരിക്കാൻ തയ്യാറല്ല. സംസ്ഥാനത്ത് യുഡിഎഫ് സംപൂജ്യരായ ഏക ജില്ലയിൽ ഉടനടി അഴിച്ച് പണി വേണമെന്നാണ് ആവശ്യം. 

തുടർച്ചയായി രണ്ടാം തവണയും യുഡിഎഫിന് ഏറ്റുവാങ്ങേണ്ടി വന്ന കനത്ത പരാ‍ജയത്തിൽ ആഭ്യന്തരകലാപം രൂക്ഷം. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ബാബു ജോർജിനെതിരെ ചേരി തിരിഞ്ഞാണ് നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ ഡിസിസി പ്രസിഡന്റിന്റെ രാജി പ്രഖ്യാപനത്തിൽ പ്രതീക്ഷ അർപ്പിച്ചവർ അത് സംഭവിക്കാതെ വന്നതോടെയാണ് വീണ്ടും രംഗത്തെത്തിയത്. 

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ഈ വികാരം പാർട്ടിയിൽ ശക്തമായിരുന്നു. എന്നാൽ ജില്ലയിൽ നേതൃനിരയിലേക്ക് എടുത്തു കാണിക്കാൻ കഴിയുന്ന രണ്ടാം നിര നേതാക്കൾ ഇല്ലാത്തതാണ് പ്രതിസന്ധി. 

നിലവിൽ എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള അധ്യക്ഷ സ്ഥാനം കൊല്ലം, ആലപ്പുഴ ജില്ലകളിലൊന്നുമായി വച്ച് മാറി ഐ ഗ്രൂപ്പിലെ പഴകുളം മധുവിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. ഗ്രൂപ്പിന് അപ്പുറത്തേക്ക് അധ്യക്ഷനെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശിക നേതൃത്വങ്ങൾ.

Follow Us:
Download App:
  • android
  • ios