Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഉറവിടം കണ്ടെത്താതെ മൂന്ന് കേസുകള്‍; വൈറസ് ബാധിച്ചവരില്‍ കുട്ടിയും, ജില്ലയിൽ അതിജാ​ഗ്രത

മാവൂര്‍ സ്വദേശിയായ അഞ്ച് വയസുളള പെണ്‍കുട്ടി, മണിയൂര്‍ സ്വദേശിയായ 28 കാരി, കോട്ടൂളി സ്വദേശിയായ 82കാരന്‍ എന്നിവര്‍ക്ക് രോഗം പകര്‍ന്ന കാര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നത്. 

source of three covid 19 cases unknown in kozhikode
Author
Kozhikode, First Published Jun 6, 2020, 6:10 AM IST

കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല. കൊവിഡ് ബാധിച്ച 28 കാരിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 80 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ഉറവിടം സംബന്ധിച്ച അന്വേഷണം നടത്തി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനം കൊവിഡ് വൈറസിന്‍റെ സമൂഹവ്യാപന ഭീഷണിയുടെ വക്കിലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് മലബാറിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉറവിടം കണ്ടെത്താനാവാത്ത വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത്. മാവൂര്‍ സ്വദേശിയായ അഞ്ച് വയസുളള പെണ്‍കുട്ടി, മണിയൂര്‍ സ്വദേശിയായ 28 കാരി, കോട്ടൂളി സ്വദേശിയായ 82കാരന്‍ എന്നിവര്‍ക്ക് രോഗം പകര്‍ന്ന കാര്യത്തിലാണ് ആരോഗ്യ വകുപ്പ് ഇരുട്ടില്‍ തപ്പുന്നത്. 

മാവൂരില്‍ നിന്നുളള അഞ്ച് വയസുളള പെണ്‍കുട്ടിയെ പനിയെത്തുടര്‍ന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റേഡിയോളജിസ്റ്റാണ്. എന്നാല്‍, അമ്മയ്ക്കോ കുട്ടിയുടെ മറ്റ് ബന്ധുക്കള്‍ക്കോ രോഗം സ്ഥിരീകരിച്ചിട്ടില്ല. മണിയൂര്‍ സ്വദേശിയായ 28കാരിയെ പ്രസവത്തെ തുടര്‍ന്നാണ് മെയ് 24ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തത്. സിസേറിയനെത്തുടര്‍ന്ന് അണുബാധയുണ്ടാവുകയും പനി വരികയും ചെയ്തതോടെയാണ് കൊവിഡ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും അടക്കം 80 ലേറെ പേര്‍ നിരീക്ഷണത്തിലാണ്. 

82 വയസുളള കോട്ടൂളി സ്വദേശി മെഡിക്കല്‍ കോളജില്‍ അര്‍ബുദത്തിന് ചികിത്സ തേടുന്ന വ്യക്തിയാണ്. കൊവിഡ് ലക്ഷണങ്ങളെത്തുടര്‍ന്ന് ജൂണ്‍ രണ്ടിനാണ് ഇ‍യാളുടെ സ്രവ പരിശോധന നടത്തുകയും രോഗം സ്ഥിരീകരിച്ചത്. ഈ രോഗികള്‍ക്ക് വൈറസ് എവിടെ നിന്ന് ബാധിച്ചു എന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ജില്ലക്കാരായ 48 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുളളത്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 26പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററായ ഗസ്റ്റ് ഹൗസിലുമാണുളളത്. ഒരാള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണ് ഉളളത്.

Follow Us:
Download App:
  • android
  • ios