മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന വിമര്‍ശനം. അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കിയേക്കാവുന്ന തീരുമാനം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് പണം സ്വരൂപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന പ്രതിപക്ഷ വിമര്‍ശനം നിലനിൽക്കെ ഇക്കാര്യത്തിൽ നിയമസഭയിൽ പ്രത്യേക ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍.

മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്. കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചര്‍ച്ച ആകാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചര്‍ച്ച ചെയ്യാനാണ് തീരുമാനം. 

കിഫ്ബി പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു. കക്ഷി നേതാക്കളെല്ലാം ചര്‍ച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമര്‍ശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലടക്കം മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണങ്ങളും ഏറെ ശ്രദ്ധേയമാണ്. 

Read also: വീണ്ടും ലാവ്‍ലിൻ: കിഫ്ബിയുടെ മസാല ബോണ്ടിനെതിരെ ആരോപണവുമായി ചെന്നിത്തല

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.