എറണാകുളം: കാണാതായ കൊച്ചി സെൻട്രൽ സിഐ നവാസിനു വേണ്ടി അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാകും അന്വേഷണസംഘം. നവാസിനെ കൊല്ലത്ത് കണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഇവിടെ തെരച്ചിൽ നടത്തുകയാണ് പൊലീസ്. 

മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടർന്നാണ് സിഐ നവാസ് നാട് വിട്ടതെന്നാരോപിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് മേലുദ്യോഗസ്ഥനായ കൊച്ചി എസിപി സുരേഷ് കുമാറിനെ ഡിസിപി പൂങ്കുഴലി ചോദ്യം ചെയ്തു. സിഐയെ കണ്ടെത്തുന്നതിനാണ് പ്രാഥമിക പരിഗണനയെന്നും ഭാര്യയുടെ പരാതിയടക്കം വിശദമായി അന്വേഷിക്കുമെന്നും ഡിസിപി വ്യക്തമാക്കി. 

തൃക്കാക്കര പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ സ്റ്റുവർട്ട്‌ കീലർ, പാലാരിവട്ടം പോലീസ്  ഇൻസ്പെക്ടർ ശ്രീജേഷ് പി എസ് എന്നിവർ ഉൾപ്പെടെ 20 അംഗ സംഘത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ എന്നിവർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. 

നവാസിനായി ഫേസ്ബുക്ക് പോസ്റ്റ്

സിഐ വി എസ് നവാസിനെ കാണാനില്ലെന്ന് കാണിച്ച് കേരളാ പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

മേലുദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ

മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നവാസിന്‍റെ ഭാര്യ ഉന്നയിക്കുന്നത്. തന്‍റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാണാതാവുന്നതിന് തലേന്ന് രാത്രിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയതെന്ന് ഭാര്യ പറയുന്നു. 

വയര്‍ലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണര്‍ പരസ്യമായി തെറി പറഞ്ഞതില്‍ പുള്ളി കടുത്ത ദുഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ചോദിക്കരുത് എന്നാണ് തന്നോട് പറഞ്ഞത്. പുലര്‍ച്ചയോടെ എണീച്ച് ഹാളില്‍ പോയി ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. 

ഭര്‍ത്താവിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ നവാസിനെ വയര്‍ലെസിലൂടെ ശാസിച്ച കൊച്ചി സിറ്റി അസി.കമ്മീഷണര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. നവാസിനെ കാണാതായതിന് തലേദിവസം അസി.കമ്മീഷണറുമായി നടത്തിയ വയര്‍ലസ് സംഭാഷണത്തിന്‍റെ രേഖകള്‍ പരിശോധിക്കണമെന്നും കുറ്റക്കാരനായ അസി. കമ്മീഷണര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അസി.കമ്മീഷണറുടെ നിരന്തരപീഡനം മൂലമാണ് ഭര്‍ത്താവ് വീട് വിട്ട് പോയതെന്നും നവാസിന്‍റെ ഭാര്യ പറഞ്ഞു.