Asianet News MalayalamAsianet News Malayalam

നവോത്ഥാന സമിതിയില്‍ പിളര്‍പ്പ്; 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടുന്നു

നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനര്‍ സി പി സുഗതന്‍റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്‍റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു.

split in navodhana samrakshana samithi
Author
Kochi, First Published Sep 12, 2019, 10:05 AM IST

കോഴിക്കോട്: ശബരിമല പ്രക്ഷോഭത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളര്‍ന്നു. നവോത്ഥാന സമിതി ജോയിന്‍റ് കണ്‍വീനര്‍ സി പി സുഗതന്‍റെ നേതൃത്വത്തില്‍ ഹിന്ദു പാര്‍ലമെന്‍റിലെ 50ല്‍ അധികം സമുദായ സംഘടനകള്‍ സമിതി വിടാന്‍ തീരുമാനിച്ചു. സമിതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്‍മാറുന്നതെന്ന് സി പി സുഗതന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പല ഘട്ടങ്ങളിലായി തലപൊക്കിയ വിവാദങ്ങള്‍ക്കൊടുവിലാണ് നവോത്ഥാന സമിതിയിൽ പിളര്‍പ്പുണ്ടാകുന്നത്. സമിതിയില്‍ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളില്‍ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാര്‍ലമെന്‍റിന്‍റെ നേതൃത്വത്തില്‍ പുറത്തുപോകുന്നത്. നവോത്ഥാന സമിതിയുടെ രൂപീകരണ ലക്ഷ്യങ്ങളില്‍ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്‍റെ പിന്നിലെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളര്‍പ്പിനുളള മുഖ്യ കാരണമെന്നാണ് സൂചന.

ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ നേതൃത്വത്തില്‍ 2009ല്‍ രൂപീകരിച്ച ഹിന്ദു പാര്‍ലമെന്‍റ് ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സിപി സുഗതന്‍ അടക്കമുളളവര്‍ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്എന്‍ഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്‍റിനെയും സര്‍ക്കാര്‍ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തിയ വനിതാ മതിലിലും സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകള്‍ തോറും കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകള്‍ തമ്മില്‍ ഭിന്നത രൂക്ഷമായത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാര്‍ലമെന്‍റ് ആത്മീയ സഭാ നേതാക്കളും വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുളള വാര്‍ത്താസമ്മേളനവും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios