തിരുവനന്തപുരം: കൊവിഡ് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് സ്പ്രിംക്ലറിനെ ഏൽപ്പിച്ച നടപടിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാൻ സര്‍ക്കാർ രൂപികരിച്ച സമിതിയിൽ മാറ്റം. രാജീവ്‌ സദാനന്ദനെ മുഖ്യമന്ത്രിയുടെ കൊവിഡ് ഉപദേശകൻ ആയി നിയമിച്ച സാഹചര്യത്തിൽ ആണ് അന്വേഷണ സംഘത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.  മുൻ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ഡോ. ഗുൽഷൻ റായ്ക്കാണ് പുതിയ ചുമതല. ഒക്ടോബര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെയായിരുന്നു സ്പ്രിംക്ലര്‍ വിവാദവും . ശിവശങ്കര്‍ ഉൾപ്പെട്ട സ്പ്രിംക്ലര്‍ ഇടപാട് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് രാജീവ് സദാനന്ദൻ ഉൾപ്പെട്ട രണ്ടംഗസമിതിയെ ആയിരുന്നു. ഏപ്രിലിൽ അന്വേഷണം ഏറ്റെടുത്ത സമിതിയോട് ഒരു മാസത്തിനുള്ളിൽ റിപ്പോ‍ർട്ട് നൽകാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും നാളിത് വരെ നടപ്പായിട്ടില്ല. 

കൊവിഡ് പ്രതിരോധത്തിനെന്ന പേരിലാണ് ഉപദേശകരുടെ നിരയിലേക്ക് മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദൻ ചുമതലയേൽക്കുന്നത്. നീണ്ടകാലം ആരോഗ്യസെക്രട്ടറിയായിരുന്ന പരിചയ സമ്പത്ത് കണക്കിലെടുത്തായിരുന്നു നിയമനം.സ്വര്‍ണക്കടത്ത് കേസിൽ എം ശിവശങ്കറിനെതിരെ നടപടി വന്നിട്ടും അനധികൃത ഇടപെടൽ നടന്നെന്ന് ആരോപണം ഉയര്‍ന്ന സ്പ്രിംക്ലര്‍ കരാറിൽ അന്വേഷണം എങ്ങുമെത്താത് വലിയ ചര്‍ച്ചയായിരുന്നു. ഇതെ തുടര്‍ന്നാണ് ഡോ. ഗുൽഷൻ റായിയെ അന്വേഷണം ഏൽപ്പിക്കുന്നത്. മുൻ കേന്ദ്ര വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാർ സമിതിയിൽ തുടരും