Asianet News MalayalamAsianet News Malayalam

'ചെറുപ്പക്കാർ നേതൃത്വത്തിലേക്ക് വരട്ടെ', നിലപാട് വ്യക്തമാക്കി ശ്രീധരൻ പിള്ള, സുരേന്ദ്രന് മുൻതൂക്കം

കുമ്മനത്തിനെ മിസോറം ഗവർണറാക്കിയതിനെ തന്‍റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്ന് ശ്രീധരൻ പിള്ള.  ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ ഹെഡ് ഷാജഹാൻ കാളിയത്ത് ശ്രീധരൻ പിള്ളയുമായി നടത്തിയ അഭിമുഖം. 

sreedharan pillai about misoram governor post and the new bjp state president
Author
Kozhikode, First Published Oct 26, 2019, 11:20 AM IST

കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വ പദവിയിലേക്ക് പുതിയ തലമുറയിലുള്ളവർ വരണമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. പുതിയ സംസ്ഥാനപ്രസിഡന്‍റ് ആരാകണമെന്നിപ്പോള്‍ പറയുന്നില്ല. എന്നാല്‍ പുതിയ തലമുറയ്ക്ക് നേതൃത്വത്തിലേക്ക് കടന്ന് വരാന്‍ ഇപ്പോള്‍ അമ്പത് വയസ്സ് കഴിഞ്ഞ നേതാക്കള്‍ അവസരം നല്‍കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

കുമ്മനത്തിനെ മിസോറം ഗവർണറാക്കിയതിനെ തന്റെ നിയമനവുമായി താരതമ്യം ചെയ്യരുതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ ഗവർണർ ചുമതലയിലേക്ക് നിയോഗിക്കപ്പെടുന്നതെന്ന് ശ്രീധരന്‍‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

45 വർഷത്തെ തിരക്കിട്ട രാഷ്ട്രീയജീവിതത്തിന് ഒരു ഇടവേളയെടുത്ത് ബിജെപി സംസ്ഥാനാധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള മിസോറമിലേക്ക് പോവുകയാണ്. കേരളരാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും വലിയ ചർച്ചയും ഇത് തന്നെ. ഏഷ്യാനെറ്റ് ന്യൂസ് റീജ്യണൽ ഹെഡ് ഷാജഹാൻ കാളിയത്ത് പി എസ് ശ്രീധരൻ പിള്ളയുമായി സംസാരിച്ചു. 

ചോദ്യം: ഇത് പ്രതീക്ഷിച്ചതാണോ? സ്വാഭാവികമായും താങ്കളുടെ കാലാവധി അവസാനിക്കുകയാണ്.

ഉത്തരം: നാല് ദിവസം മുമ്പ് പ്രധാനമന്ത്രി വിളിച്ചിരുന്നു. എന്നോട് കാര്യങ്ങളെല്ലാം തിരക്കി. ഒടുവിൽ കേരളത്തിന് പുറത്ത് ഒരു അസൈൻമെന്‍റ് കിട്ടിയാൽ പോകാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു. I leave it to you sir, എന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ ഇന്നലെ രാവിലെ രാഷ്ട്രപതിഭവനിൽ നിന്ന് എന്‍റെ വിലാസം വെരിഫൈ ചെയ്യാൻ വിളിച്ചു. അപ്പോൾ എനിക്കൊരു ധാരണയായി. അത് വരെ ഗവർണർ പദവി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് നഷ്ടപ്പെട്ട് പോയത് എഴുത്തും വായനയുമായിരുന്നു. അത് തിരിച്ച് പിടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. 

ചോദ്യം: മാനസികമായി തയ്യാറായോ ഈ പദവി ഏറ്റെടുക്കാൻ?
ഉത്തരം: എല്ലാ പദവികളെയും ഞാൻ ഒരുപോലെയാണ് കാണുന്നത്. ഇതിന് മുമ്പ് അഭിഭാഷകനായിരുന്നപ്പോഴും, വാജ്പേയി സർക്കാരിന്‍റെ കാലത്ത് അഡ്വ. ജനറലിന് തുല്യമായ സീനിയർ സെൻട്രൽ ഗവൺമെന്‍റ് സ്റ്റാൻഡിംഗ് കോൺസൽ, ഇപ്പോൾ അസിസ്റ്റന്‍റ് സോളിസിറ്റർ എന്നീ പദവികൾ വഹിച്ചതാണ്. ഇതൊക്കെ ഒരു ദൗത്യത്തിന്‍റെ ഭാഗമായി കാണുന്നു.

ചോദ്യം: ലോക്സഭാ തെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും കഴിഞ്ഞു. ബിജെപി സംസ്ഥാനാധ്യക്ഷൻ എന്ന നിലയിൽ പൂർണമായ സംതൃപ്തിയോടെയാണോ സ്ഥാനമൊഴിയുന്നത്? ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് പ്രതീക്ഷിച്ച അത്ര മികച്ച നേട്ടമുണ്ടാക്കാനായില്ല.
ഉത്തരം: തീർച്ചയായും ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ സാധിക്കും. ഞാൻ പദവി ഏറ്റെടുത്ത ഉടനെയാണ് ശബരിമല പ്രശ്നം വന്നത്. ആ സമരം ഏറ്റെടുക്കുമ്പോൾ റിസ്കുണ്ടായിരുന്നു. ഒക്ടോബർ പത്തിന് നട തുറക്കുമ്പോൾ സ്ത്രീപ്രവേശനം നടക്കുമെന്ന സാഹചര്യമായിരുന്നു. ഒക്ടോബർ ഒന്നിന് തന്നെ ബിജെപി സമരം പ്രഖ്യാപിച്ചതുകൊണ്ടാണ് അത് നടക്കാതെ പോയത്. ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിൽ ആ സമരം വേറെ ചിലർ ഹൈജാക്ക് ചെയ്തേനെ. സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തിൽ വോട്ടിന്‍റെ വർദ്ധനയുണ്ടായി. 19 ലക്ഷത്തിന്‍റെ വോട്ട് 32 ലക്ഷമായി. സിപിഎമ്മിന്‍റെ വിലയിരുത്തലിൽ അവരെ ആശങ്കപ്പെടുത്തുന്നത് കേരളത്തിലെ ബിജെപിയുടെ വളർച്ചയാണ്. 

ചോദ്യം: ശ്രദ്ധേയമായ ഇടപെടൽ ശബരിമല സമരം തന്നെയാണല്ലേ?
ഉത്തരം: ശബരിമല മാത്രമല്ല, കേരളത്തിലെ ബിജെപിയുടെ അംഗത്വ വിതരണം വിജയിച്ചതാണ്. അത് പരാജയപ്പെട്ടു എന്ന് എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്തത്. പതിനൊന്ന് ലക്ഷത്തോളം അംഗങ്ങൾ കൂടിയെന്നത് വിജയമല്ലേ? ഇന്ത്യയിൽ അപൂർവമാണ് ആ വളർച്ച. ഈ തെരഞ്ഞെടുപ്പ് ഫലത്തിലും ഇത്തരത്തിലൊരു വളർച്ചയുണ്ടായിട്ടുണ്ടല്ലോ.

ചോദ്യം: ഇതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജി വച്ച ശ്രീധരൻ പിള്ളയെ ജനം ഓർക്കുന്നുണ്ടാകും. 
ഉത്തരം: തീർച്ചയായും രണ്ട് ലക്ഷത്തിൽപ്പരം വോട്ടുണ്ടായിരുന്നയിടത്ത് 38,000 വോട്ടായി കുറഞ്ഞപ്പോൾ അതിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഞാൻ രാജിവച്ചത്. അന്ന് എൽ കെ അദ്വാനിയായിരുന്നു പ്രസിഡന്‍റ്. പിന്നീട് അവരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ തുടർന്നത്.

ചോദ്യം: പുതിയ പ്രസിഡന്‍റ് ആരാകണമെന്നതിനെക്കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ഉത്തരം: അത് സംബന്ധിച്ച് ഞാനിപ്പോഴൊന്നും പറയുന്നില്ല. ബിജെപിയുടെ ഒരു യോഗത്തിലും ആരും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ ആർക്കും എന്തുമെഴുതാമല്ലോ?

ചോദ്യം: കേരളത്തിലെ ബിജെപി പലപ്പോഴും രണ്ട് ചേരിയായാണ് നിലകൊണ്ടത്. താങ്കൾ പലപ്പോഴും ഇതിൽ ഒരു മൂന്നാം ചേരിയായി നിലകൊണ്ടു എന്ന് പറഞ്ഞാൽ?
ഉത്തരം: പാർട്ടിയിൽ ചേരിയെക്കുറിച്ചൊന്നും ഞാനിപ്പോൾ പറയുന്നില്ല. എന്നെ വളർത്തിയത് എന്‍റെ പാർട്ടിയാണ്. പാർട്ടിയുടെ ചട്ടക്കൂട് ഞാൻ ലംഘിച്ചിട്ടില്ല. 

ചോദ്യം: താങ്കളുടെ ഗവർണർ നിയമനത്തെക്കുറിച്ച് കേൾക്കുമ്പോൾ, സ്വാഭാവികമായും ജനമോർക്കുക, കുമ്മനം രാജശേഖരനെ മിസോറം ഗവർണറായി നിയമിച്ചതാണ്. സമാനമായ സാഹചര്യമല്ലേ ഇപ്പോൾ? പ്രസിഡന്‍റ് പദവി ഒഴിയുന്ന ഒരാൾക്ക് കുറച്ചു കൂടി നല്ല പദവി നൽകുക. 

ഉത്തരം: കുമ്മനം പാർട്ടിയുടെ പ്രസിഡന്‍റായി ചുമതല വഹിച്ച് ഒരു വർഷം കഴിഞ്ഞ് മിസോറമിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. എന്നാൽ എന്‍റെ കാലാവധി കഴിഞ്ഞു. ഒരു സംഘടനാ തെരഞ്ഞെടുപ്പാണല്ലോ അതിന്‍റെ മാനദണ്ഡം. അടുത്ത മാസത്തോടെ ആ പ്രക്രിയ പൂർത്തിയാകും. രണ്ടാമത്തെ ടേം പാർട്ടി അനുവദിക്കുന്നുണ്ട്. പക്ഷേ എനിക്കത് കഴിയില്ല, കാരണം ഞാനിതിന് മുമ്പും ബിജെപി സംസ്ഥാന പ്രസിഡന്‍റായിട്ടുണ്ട്. നാല് കൊല്ലത്തോളം പ്രസിഡന്‍റ് സ്ഥാനത്ത് തുടരുകയും ചെയ്തു. 

സ്ഥാനാർത്ഥിയായി പിടിച്ചു കെട്ടി നിർത്തിയപ്പോൾ ഞാൻ നിന്നു എന്നല്ലാതെ വേറെ ഒരു പദവിയും ഞാൻ ആഗ്രഹിച്ചിരുന്നില്ല. 2014-ൽ കേന്ദ്രമന്ത്രി പദവിയിലേക്ക് എന്നെ പരിഗണിച്ചിരുന്നതാണ്. രാജ്യസഭാ എംപി പദവിയിലേക്കും എന്നെ പരിഗണിച്ചിരുന്നു. അപ്പോഴാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വന്നത്. അപ്പോൾ ഞാനവിടെ പോയി മത്സരിച്ചു. പദവിക്ക് പിന്നാലെ പോയില്ല. 

അന്ന് ബിഡിജെഎസ് എനിക്കെതിരെ നിലപാടെടുത്ത സമയമാണ്. ഇപ്പോഴങ്ങനെയല്ല. അന്ന് ബിഡിജെഎസ് എതിർത്തിട്ടും ആറായിരം വോട്ടല്ലേ കുറഞ്ഞുള്ളൂ.

ചോദ്യം: ബിഡിജെഎസ്സിനെക്കുറിച്ച് ചോദിക്കുമ്പോൾ, അവർ ഇക്കഴിഞ്ഞ തെരഞ്ഞ‌െടുപ്പിൽ നിസ്സഹകരിച്ചുവെന്ന് തോന്നുന്നുണ്ടോ?
ഉത്തരം: സാമുദായിക പശ്ചാത്തലമുള്ള പാർട്ടിയാണ്. അവർ ആവശ്യപ്പെടുന്നതിനോടൊക്കെ നീതി പുലർത്തിയാലല്ലേ അവർക്ക് പിന്തുണയ്ക്കാനാകൂ. ഞാനതിൽ ആരെയും പഴിക്കാനാഗ്രഹിക്കുന്നില്ല. 

ചോദ്യം: വട്ടിയൂർക്കാവിൽ എസ് സുരേഷല്ല, കുമ്മനം തന്നെ സ്ഥാനാർത്ഥിയായെങ്കിൽ കുറച്ചു കൂടി നല്ല പ്രവർത്തനം കാഴ്ച വയ്ക്കാനായേനെ എന്ന് തോന്നുന്നുണ്ടോ?
ഉത്തരം: ഇനി അതിൽ അഭിപ്രായം പറയുന്നത് ശരിയല്ല. ചെറുപ്പക്കാരായ ആളുകൾ കടന്നു വരണം.

ചോദ്യം: പാർട്ടി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചും ഈ അഭിപ്രായമുണ്ടോ?
ഉത്തരം: പുതിയ തലമുറയ്ക്ക് ഭരണം കൈമാറുന്നുണ്ടോ, ആ പ്രക്രിയ നടക്കുന്നുണ്ടോ എന്ന ചോദ്യം എന്‍റെ മനസ്സിനെ എപ്പോഴും അലട്ടാറുണ്ട്. അത് പാർട്ടിയിൽ ബന്ധപ്പെട്ടവർ ആലോചിക്കട്ടെ. കെ സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ, പി എം വേലായുധനോ, എം ടി രമേശോ ആകട്ടെ. 2019-ൽ ഞാൻ സംസ്ഥാനപ്രസിഡന്‍റായപ്പോൾ അവരെ നോമിനേറ്റ് ചെയ്തതാണ്. അന്ന് പോകേണ്ടി വന്നവർക്ക് നീരസമുണ്ടായിരുന്നു. 

പുതിയ ആളുകൾ വേണ്ടേ? അമ്പത് വയസ്സിൽ താഴെയുള്ള നിരവധി പേരുണ്ട്. അവർക്കൊക്കെ അവസരം ലഭിക്കട്ടെ. 

എല്ലാ പാർട്ടികളും ചെറുപ്പക്കാർക്ക് അവസരം നൽകട്ടെ.

ചോദ്യം: സജീവരാഷ്ട്രീയ പ്രവർത്തനം തൽക്കാലം അവസാനിക്കുന്നു എന്ന തോന്നലുണ്ടോ?

ഉത്തരം: രാഷ്ട്രീയം എന്ന സങ്കൽപം എന്നത് തന്നെ എനിക്ക് വ്യത്യസ്തമാണ്. പവർ പൊളിറ്റിക്സ്, അഥവാ അധികാര രാഷ്ട്രീയം എന്നതിൽ എനിക്ക് വേറെ ഒരു കാഴ്ചപ്പാടുണ്ട്. ഗാന്ധിജി സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യയിലെ കക്ഷി രാഷ്ട്രീയത്തിൽ അംഗമായിരുന്നില്ല. ജെപിയും പല ഉയർന്ന പദവികളും വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഞാനങ്ങനെ ഒരു ത്യാഗിയാണെന്നല്ല. 

ചോദ്യം: പൂർണമനസ്സോടെ തന്നെയാണ്, താങ്കളീ പദവി സ്വീകരിക്കുന്നത് അല്ലേ?

ഉത്തരം: തീർച്ചയായും. എന്നെ സംബന്ധിച്ചിടത്തോളം, ബിജെപിയുടെ ചുമതല ഒഴിച്ച് നിർത്തിയാൽ വ്യക്തിപരമായ നേട്ടം അഭിഭാഷക വൃത്തിയാണ്. പ്രോട്ടോക്കോളിൽ ഗവർണറായാൽ വലിയ ആളായേക്കാം. പക്ഷേ, അഭിഭാഷകവൃത്തിയാണ് എനിക്ക് പ്രധാനം.

Follow Us:
Download App:
  • android
  • ios