തിരുവനന്തപുരം: മാധ്യമപ്രവ‍ർത്തകൻ കെം എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിട്ടു. അപകടത്തില്‍ കൈയ്ക്കും നട്ടെല്ലിനും പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കാനായി, മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അകത്ത് നിന്ന് ആംബുലൻസിലാണ് ശ്രീറാം പോയത്. 

മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വൈകുന്നേരം അഞ്ചരയോടെ ശ്രീറാമിനെ ഡിസ്ചാര്‍ജ് ചെയ്തത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ ശ്രീറാം വെങ്കിട്ടരാമന് നിര്‍ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. നാല് ദിവസം മുമ്പ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു. കനത്ത ആഘാതങ്ങൾ മൂലം ഒരു സംഭവത്തെ കുറിച്ച് പൂർണമായി ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യ ശ്രീരാമിന് ബാധിച്ചെന്ന് നേരത്തെ മെഡിക്കല്‍ ബോർഡ് വ്യക്തമാക്കിയിരുന്നു. 

അപകടം നടന്ന് ഒരാഴ്ച പിന്നിട്ട ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രി വിടുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ കുറ്റപത്രം 30 ദിവസത്തിനകം സമർപ്പിക്കണമെന്ന് ഡിജിപി നേരത്തെ നിർദേശം നല്‍കിയിരുന്നു. കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടിയിരുന്നു. ബഷീറിന്‍റെ മരണത്തിന് കാരണമായി വാഹനം ഓടിച്ചത് താനാണെന്നും എന്നാല്‍ മദ്യപിച്ചിരുന്നില്ലെന്നും അന്വേഷണസംഘത്തോട് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍, അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായാണ് ദൃക്സാക്ഷി ജോബി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.