എക്സൈസ് വകുപ്പ് മന്ത്രി മുതല്‍ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥര്‍ വരെ പിന്തുണയ്ക്കുകയും സഹരിക്കുകയും ചെയ്ത ഭിന്നാഭിപ്രായങ്ങളില്ലാതെ ഏവരും ഏറ്റെടുത്ത പരമ്പരയെയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന മലയാളിയുടെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലിന്‍റെ വിശ്വാസ്യത തകര്‍ക്കാനായി ആഭ്യന്തര വകുപ്പും പിവി അന്‍വറും സിപിഎമ്മിന്‍റ വിവിധ സംഘടന സംവിധാനങ്ങളും ആയുധമാക്കിയത്

കോഴിക്കോട്: ഒരു മാധ്യമ സ്ഥാപനത്തിനെതിരായ പ്രതികാര ബുദ്ധിയും സമാനകളില്ലാത്ത വേട്ടയാടലുമായിരുന്നു പോക്സോ കേസിന്‍റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. ഓഫീസ് റെയ്ഡ് ചെയ്തും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും കേരളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലിന്‍റെ വിശ്വാസ്യത തകര്‍ക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കാണ് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ആശിര്‍വാദത്തോടെ എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ നടത്തി വന്ന നീക്കങ്ങള്‍ക്ക് കൂടി ഈ വിധി താക്കീതായി മാറുകയാണ്.

പുതുതലമുറയെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ താക്കീതാകാന്‍ ലക്ഷ്യമിട്ട ഒരു വാര്‍ത്താ പരമ്പര. എക്സൈസ് വകുപ്പ് മന്ത്രി മുതല്‍ പൊലീസ് എക്സൈസ് ഉദ്യോഗസ്ഥര്‍ വരെ പിന്തുണയ്ക്കുകയും സഹരിക്കുകയും ചെയ്ത ഒരു മഹത്തായ ഉദ്യമം. ഭിന്നാഭിപ്രായങ്ങളില്ലാതെ ഏവരും ഏറ്റെടുത്ത ഈ പരമ്പരയെയാണ് ഏഷ്യാനെറ്റ് ന്യൂസ് എന്ന മലയാളിയുടെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലിന്‍റെ വിശ്വാസ്യത തകര്‍ക്കാനായി ആഭ്യന്തര വകുപ്പും പിവി അന്‍വറും സിപിഎമ്മിന്‍റ വിവിധ സംഘടന സംവിധാനങ്ങളും ആയുധമാക്കിയത്. 

2022 നവംബര്‍ മാസം സംപ്രേഷണം ചെയ്ത നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന വാര്‍ത്ത പരമ്പരയെക്കുറിച്ച് നിലമ്പൂര്‍ എംഎല്‍എയായിരുന്ന പിവിഅന്‍വര്‍ നിയമസഭയില്‍ ഒരു ചോദ്യം ഉന്നയിക്കുന്നത് 2023 ഫെബ്രുവരിയില്‍. വാര്‍ത്താ പരന്പരയിലെ ഒരു റിപ്പോര്‍ട്ടില്‍ ഒരു ഇരയുടെ വെളിപ്പെടുത്തല്‍ ചിത്രീകരിച്ചത് വ്യാജമായാണെന്നും ഇക്കാര്യത്തില്‍ നടപടി എന്തെന്നുമായിരുന്നു അന്‍വറിന്‍റെ ചോദ്യം. ഇക്കാര്യം പരിശോധിച്ചു വരുന്നു എന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ കേട്ടുകേള്‍വിയില്ലാത്ത വിധമായിരുന്നു പിന്നീടുളള സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും സിപിഎം പോഷക സംഘടനകളുടെയും നീക്കങ്ങള്‍. കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ അതിക്രമിച്ച് കടന്ന് എസ്എഫ്ഐയായിരുന്നു തുടക്കമിട്ടത്. പിന്നാലെ ശരവേഗത്തില്‍ ഡിജിപി ഓഫീസില്‍ നിന്നു ളള നിര്‍ദ്ദേശാനുസരണം കോഴിക്കോട് വെളളയില്‍ പൊലീസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജ്യണല്‍ എഡിറ്റര്‍ ഷാജഹാന്‍, റിപ്പോര്‍ട്ടര് നൗഫല്‍ ബിന്‍ യൂസഫ് തുടങ്ങി നാലു പേര്‍ക്കെതിരെ കേസ് എടുത്തു. 

YouTube video player

തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നിവയ്ക്കൊപ്പം പോക്സോ നിയമത്തിലെ 19, 21 തുടങ്ങിയ വകുപ്പുകള്‍ പ്രകാരവുമായിരുന്നു കേസ്. 2023 മാര്‍ച്ച് മാസം നാലാം തീയ്യതിയായിരുന്നു ഇത്. പിന്നാലെ ഡിവൈഎസ്പി വി സുരേഷിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. എഡിജിപി അജിത് കുമാറിന്‍റെ നേരിട്ടുളള നിര്‍ദ്ദേശാനുസരണമാണ് നീക്കങ്ങളെന്നും ഏത് സമയം വേണമെങ്കിലും ഓഫീസ് റെയ്ഡ് ചെയ്യാമെന്നും പൊലീസില്‍ നിന്നു വിവരമെത്തി. പരാതിക്കാരന്‍റെ മൊഴി പോലും രേഖപ്പെടുത്താതെ റെയ്ഡ് ഉണ്ടാകുമോ എന്ന് സംശയിച്ചെങ്കിലും ഭരണകൂടത്തിന്‍റെ പ്രതികാരബുദ്ധി ആ ചിന്തകളെല്ലാം അസ്ഥാനത്തെന്ന് പിന്നാലെ തെളിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂര്‍ പിന്നിടും മുമ്പ് അതായത് 2023 മാര്‍ച്ച് 5ന് പുലര്‍ച്ചെ കോഴിക്കോട് സിറ്റി പൊലീസിലെ വന്‍ സംഘം ഏഷ്യാനെറ്റ് ന്യൂസിന്‍റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ റെയ്ഡിനെത്തി. തുടര്‍ന്ന് അഞ്ച് മണിക്കൂറോളം നീണ്ട പരിശോധനയും മറ്റും നടപടികളും. ഒരു ഭാഗത്ത് ഭരണകൂട വേട്ട ഈ രീതിയില്‍ തുടരുമ്പോള്‍ സമാന്തരമായി പിവിഅന്‍വറിന്‍റെ നേതൃത്വത്തില്‍ സിപിഎം സൈബര്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടവും പുരോഗമിച്ചു. 

YouTube video player

പ്രതികാര നടപടികള്‍ അവിടെ കൊണ്ടും തീര്‍ന്നില്ല. കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തും ജോലി തടസപ്പെടുത്തും വിധം കൂടുതല്‍ തെളിവുകള്‍ തേടിയും പൊലീസ് സമ്മര്‍ദ്ദം തുടര്‍ന്നു. പെരുന്നാള്‍ ദിനം കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും അവസരം നിഷേധിച്ചുകൊണ്ടുളള ചോദ്യം ചെയ്യല്‍ നാടകങ്ങള്‍ ഒരു വഴി, എലത്തൂര്‍ ട്രെയിന്‍ അത്യാഹിത ദിനം ഫീല്‍ഡില്‍ ആയിരുന്ന ലേഖകരെ വിളിച്ചു വരുത്തിയുളള ശ്വാസം മുട്ടിക്കല്‍ മറുവഴി. എന്നാല്‍ ഈ ആവേശമോ ഉല്‍സാഹമോ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ കണ്ടതുമില്ല. സാധാരണ ഗതിയില്‍ പോക്സോ കേസുകളില്‍ മൂന്നു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതാണ് രീതിയെങ്കിലും ഇവിടെ കേസ് എടുത്ത് 14 മാസത്തിനു ശേഷമായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കാലവിളംബം അടക്കമുളള കാര്യങ്ങളില്‍ പോക്സോ കോടതിയില്‍ നിന്ന് അന്വേഷണ സംഘത്തിന് വിമര്‍ശനം ഏല്‍ക്കേണ്ടിയും വന്നു. ഏഷ്യാനെറ്റ് ന്യൂസിനെതിരായ നീക്കത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന പിവി അന്‍വറും അജിത് കുമാറുമടങ്ങുന്ന ഗൂഡാലോചന സംഘം പരസ്പരം അങ്കം വെട്ടുന്നതും ചെളിവാരിയെറിയുന്നതും അധികം വൈകാതെ കേരളം കണ്ടു. ഒടുവില്‍ നീതിയുടെ വിജയമായി ഹൈക്കോടതി വിധിയെത്തുന്നത്. അതും ഏഷ്യാനെറ്റ് ന്യൂസിന്‍റെ സദുദ്ദേശത്തെയാകെ അംഗീകരിച്ചുകൊണ്ടുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം