തിരുവനന്തപുരം: പെട്രോൾ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചത്. വില കുറയ്ക്കാൻ എണ്ണ കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് കത്തിലെ ആവശ്യം.

കൊവിഡിനൊപ്പം ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. ഒരാഴ്ചക്കിടെ രാജ്യത്ത് പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിച്ചത്. ഇതോടെ, വിലക്കയറ്റ ഭീതിയിലാണ് പൊതുജനങ്ങൾ. കൊവിഡ് കാരണം പൊറുതിമുട്ടിയ സാധാരണക്കാരന് ഇന്ധനവിലക്കയറ്റമുണ്ടാക്കുന്നത് ഇരട്ടി ദുരിതം നല്‍കുന്നതാണ്. തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 59 പൈസ് കൂടി ലിറ്ററിന് 75 രൂപക്ക് മുകളിലെത്തി. ഡീസലിന് 55 പൈസയാണ് വർധിച്ചത്. സംസ്ഥാനത്ത് ഡീസൽ വില 70 രൂപയിലേക്ക് അടുക്കുകയാണ്.  

ലോക്ഡൗണിന് ശേഷം ഓട്ടോ ടാക്സി സർവ്വീസുകൾ സജീവമാകുന്നതെ ഉള്ളൂ. രണ്ട് മാസത്തെ വരുമാനനഷ്ടത്തിന് ശേഷം എത്തിയ തൊഴിലാളികൾക്ക് ഇന്ധന വില വർധനവ് താങ്ങാനാകുന്നില്ല. അതോടെ, ഓട്ടോ-ടാക്സി ചാർജ്ജ് ഉൾപ്പടെ കൂട്ടണമെന്ന ആവശ്യം ഇതിനൊപ്പം ഉയർന്ന് വരികയാണ്. അന്താരാഷ്ട്ര വിപണിയിൽ 38 ഡോളറാണ് ക്രൂഡ് ഓയിൽ വില. നിരക്ക് കുറഞ്ഞാലും ഗുണം ഉപഭോക്താവിന് കിട്ടുന്നില്ല. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറഞ്ഞത് 80 മുതൽ 85 രൂപ വരെ പെട്രോൾ ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.