സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. മലപ്പുറത്ത് അഞ്ച് മാസം പ്രായമായ കുഞ്ഞടക്കം പത്തനംതിട്ട, കാസർകോട് എന്നിവിടങ്ങളിലായി മൂന്ന് കുഞ്ഞുങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായി. വീടിനകത്തും മുറ്റത്തും വെച്ച് നടന്ന സംഭവങ്ങൾ ജനങ്ങളിൽ ആശങ്കയേറ്റിയിട്ടുണ്ട്
മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കുട്ടികൾക്ക് നേരെ ഉൾപ്പെടെയുണ്ടായ ക്രൂരമായ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണങ്ങളിൽ പരിക്കേറ്റ കുട്ടികളെല്ലാം നിലവിൽ ചികിത്സയിലാണ്. മലപ്പുറം ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചത്. ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്.
ആശങ്ക ശക്തമാകുന്നു
പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ മുഹമ്മദ് റംസാനെ മൂന്നിലധികം നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. കാസർകോട് പൈവളിഗെയിലും സമാനമായ രീതിയിൽ ഒന്നര വയസ്സുകാരന് തെരുവുനായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുപ്രസാദ് - തുളസി ദമ്പതികളുടെ മകൻ റിതുരാജിനാണ് മുഖത്തടക്കം കടിയേറ്റ് പരിക്കേറ്റത്. സംസ്ഥാനത്ത് തെരുവുനായ ശല്യം വീണ്ടും വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
