മലപ്പുറം:വണ്ടൂരിൽ അഞ്ച് വയസുകാരനെ തെരുവുനായ കടിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഇന്ന് ബാലാവകാശ കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകും. തെരുവു നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത വണ്ടൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പഞ്ചായത്ത് ഓഫീസിലേക്ക് നാട്ടുകാർ മാർച്ചും സംഘടിപ്പിക്കും.

വണ്ടൂരിൽ മാത്രമല്ല ,മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തുന്നത്. വണ്ടൂർ ക്രൈസ്റ്റ് സ്കൂളിലെ യുകെജി വിദ്യാർത്ഥിയായ അയാദ് ഇന്നലെയാണ് തെരുവുനായയുടെ ക്രൂരമായ അക്രമത്തിന് ഇരയായത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അയാദ് വീട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്.

Read More: മലപ്പുറത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ആക്രമണം; അഞ്ചു പേര്‍ക്ക് പരിക്ക്

തെരുവുനായ ശല്യം രൂക്ഷമാണെന്ന് കാട്ടി നിരവധി തവണ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും തെരുവുനായകളെ പിടിക്കാനോ കൊല്ലാനോ ആകില്ല, വന്ധ്യംകരണത്തിന് മാത്രമേ കഴിയൂ എന്ന് ചൂണ്ടിക്കാട്ട് അധികൃതർ നടപടിയെടുക്കാതെ പിൻവാങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലെങ്കിലും അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയിലേക്ക് കടക്കുമെന്നാണ് ഇവർ നൽകുന്ന മുന്നറിയിപ്പ്. പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബോധിപ്പിക്കാനും അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടുമാണ് രക്ഷിതാക്കൾ ഇന്ന് ജില്ലാ കളക്ടറെയും ബാലാവകാശ കമ്മീഷനെയും കാണുന്നത്.