സംസ്ഥാനത്ത് 16 സര്‍ക്കാര്‍ വയോജന കേന്ദ്രങ്ങളും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴില്‍ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ഇത്തരം ഹോമുകളിലുള്ളവരില്‍ ഏറെയും.

തിരുവനന്തപുരം: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വയോജന സംരക്ഷണ മന്ദിരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. എറണാകുളത്തും തിരുവനന്തപുരത്തും വയോജന ഹോമുകളില്‍ നിരവധി പേര്‍ രോഗബാധിതരായ സാഹചര്യത്തിലാണ് നടപടി. സര്‍ക്കാര്‍, സ്വകാര്യ ഹോമുകളില്‍ താമസിക്കുന്നവര്‍ കൊവിഡ് കാലത്ത് പുറത്ത് പോകരുതെന്നും പുറത്ത് നിന്നും ആരെയും ഹോമില്‍ പ്രവേശിപ്പിക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ലംഘിച്ച് എറണാകുളത്തേയും തിരുവനന്തപുരത്തേയും സ്വകാര്യ ഹോമുകളിലെ ചിലയാളുകള്‍ പുറത്ത് നിന്നും വന്നതാണ് അവിടെ രോഗ വ്യാപനത്തിന് കാരണമായത്. ഇനി ഇത്തരം സംഭവമുണ്ടായാല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് തൃക്കാക്കര കരുണാലയം കെയര്‍ ഹോമിന്‍റെ സഹോദര സ്ഥാപനത്തില്‍ ഒരു സിസ്റ്റര്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റൊരു മരണം കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും പ്രായാധിക്യവും അസുഖങ്ങളും ബാധിച്ച് അവശനിലയിലായിരുന്നു. എസ് ഡി കോണ്‍വെന്‍റ് ചുണങ്ങമ്പേലി, സമറിറ്റന്‍ പഴങ്ങനാട് എന്നീ രണ്ട് മഠങ്ങളിലും രോഗബാധയുണ്ടായി. മൂന്ന് സ്ഥാപനങ്ങളിലുമായി 95 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവന്തപുരത്ത് കൊച്ചുതുറയില്‍ ശാന്തിഭവനിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് സ്ഥാപനങ്ങളിലും പുറത്ത് നിന്നും പോയി വന്നവരിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നതെന്നാണ് കണക്കാക്കുന്നത്.

സംസ്ഥാനത്ത് 16 സര്‍ക്കാര്‍ വയോജന കേന്ദ്രങ്ങളും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴില്‍ 561 സ്വകാര്യ വയോജന കേന്ദ്രങ്ങളുമാണുള്ളത്. പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരുമാണ് ഇത്തരം ഹോമുകളിലുള്ളവരില്‍ ഏറെയും. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത വയോജന കേന്ദ്രങ്ങളില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. രോഗമുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കായിട്ടുണ്ട്. ഓരോ ഹോമിലേയും രോഗലക്ഷണമുള്ളവരെ ദിവസവും നിരീക്ഷിച്ചു വരുന്നു. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. 

ഹോമില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒരാളെ മാത്രമേ പുറത്ത് പോകാന്‍ അനുവദിക്കുകയുള്ളു. പുറത്ത് പോകുന്ന ആള്‍ മറ്റുള്ളവരുമായി ഇടപെടാന്‍ അനുവദിക്കില്ല. സന്ദര്‍ശകരെ ഒഴിവാക്കിയിട്ടുമുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. 1800 425 2147 എന്ന നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ വിളിച്ചാല്‍ സേവനം ലഭ്യമാകും. ആരോഗ്യ വകുപ്പിന്‍റെ ദിശ 1056 ല്‍ 24 മണിക്കൂറും സേവനം ലഭിക്കും.