തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകും. ബണ്ട് കോളനിയിൽ രോഗം റിപ്പോർട്ട് ചെയ്തത് അപകടകരമാണ്.  ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു. 

അതേസമയം എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളിൽ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം. 

നേരത്തെ പൊലീസ് ആസ്ഥാനത്ത ഒരു ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സേനാംഗങ്ങൾ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പൊലീസുകാർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി കർശമനമാക്കിയത്. 50 വയസ്സിന് മുകലിളിലുള്ള പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കോ നിയോഗിക്കരുത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസ് ക്യാംപുകളിൽ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സർക്കുലറിലുണ്ട്.