സിസ്റ്റര്‍ സെഫിയുടെ സ്വഭാവം സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്ന്ോ സിബിഐ കോടതിയുടെ വിധിയിലുണ്ട്.

തിരുവനന്തപും: സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിചാരണയിൽ വ്യക്തമായതായി സിബിഐ കോടതി. കേസിൽ കോടതിക്ക് മുന്നിലെത്തിയ സാക്ഷിമൊഴികളെല്ലാം വിശ്വസനീയമാണെന്നും കൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് സാധൂകരിക്കുന്നതാണെന്നും തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽ കുമാര്‍ വിധിന്യായത്തിൽ വ്യക്തമാക്കുന്നു. 

സിസ്റ്റർ അഭയയെ തലയ്ക്കടിച്ച് കിണറ്റിലിട്ട് കൊലപ്പെടുത്തിയതാണെന്നാണ് അന്തിമ വിധിന്യായത്തിൽ കോടതി പറയുന്നു. പുലര്‍ച്ചെ മഠത്തിൻ്റെ അടുക്കളയിൽ വച്ച് പ്രതികളെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ സിസ്റ്റര്‍ അഭയ കണ്ടതാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇക്കാര്യത്തിൽ ഒന്നാം പ്രതി തോമസ് എം കോട്ടൂര്‍ പ്രോസിക്യൂഷൻ സാക്ഷിയായ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്ന് കോടതി അന്തിമവിധിയിൽ നിരീക്ഷിക്കുന്നു. 

കൊലപാതകത്തിൻ്റെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിൻ്റെ മൊഴികളെല്ലാം വിശ്വസനീയവും സാഹചര്യങ്ങളോട് ഒത്തുപോകുന്നതുമാണെന്നും കോടതി വിധിയിലുണ്ട്. ഫാദര്‍ തോമസ് കോട്ടൂർ പയസ് ടെൻത്ത് കോൺവെന്റിലെ നിത്യ സന്ദർശകനാണെന്ന് സാക്ഷിമൊഴികളിൽ നിന്നും മറ്റു തെളിവുകളിൽ നിന്നും വ്യക്തമായിട്ടുണ്ട്. 

സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലമാണ് ഈ കേസിലെ ശക്തമായ മറ്റൊരു തെളിവായി കോടതി കാണുന്നത്. കന്യകയാണെന്ന് തെളിയിക്കാൻ സിസ്റ്റര്‍ സ്റ്റഫി നടത്തിയ കന്യാചര്‍മ്മ ശസ്ത്രക്രിയയുടെ വിവരങ്ങൾ സിബിഐ വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. സിസ്റ്റര്‍ സെഫിയുടെ സ്വഭാവം സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും സിബിഐ കോടതിയുടെ വിധിയിലുണ്ട്. കോൺവെന്റിന്റെ അടുക്കള ഭാഗത്ത് സെഫിയുടെ സാന്നിധ്യവും കുറ്റകൃത്യം തെളിയുന്നതിന് പര്യാപ്തമെന്നും വിധിന്യായത്തിൽ പറയുന്നു.

അഭയ വധക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്.പിയായ കെ.ടി.മൈക്കിളിനെതിരെ നടപടി വേണമെന്നും വിധിന്യായത്തിൽ സിബിഐ കോടതി ആവശ്യപ്പെടുന്നു. കേസിലെ നിര്‍ണായക തെളിവുകൾ നശിപ്പിച്ച കെ.ടി.മൈക്കിളിനെതിരെ പൊലീസ് മേധാവി ആവശ്യമായ നടപടിയെടുക്കണമെന്നും സിബിഐ കോടതി വിധിന്യായത്തിൽ ആവശ്യപ്പെടുന്നു. 

28 വര്‍ഷം നീണ്ട അന്വേഷണത്തിനും ഒരു വര്‍ഷത്തിലേറെ കാലം നീണ്ട വിചാരണയ്ക്കും ശേഷം സിസ്റ്റര്‍ അഭയ വധക്കേസിൽ വിധി വരുമ്പോൾ കടുത്ത ശിക്ഷയാണ് വിചാരണ നടത്തിയ തിരുവനന്തപുരം സിബിഐ കോടതി കേസിൽ പ്രതികൾക്ക് നൽകിയത്. അഭയ വധക്കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തമാണ് സിബിഐ കോടതി വിധിച്ചത്. കൊലപാതകം കൂടാതെ മഠത്തിൽ അതിക്രമിച്ചു കയറിയതിനാണ് മറ്റൊരു ജീവപര്യന്തം തടവുശിക്ഷ കോടതി വിധിച്ചത്. എല്ലാ ശിക്ഷയും ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

അഭയ വധക്കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിന് കോടതി നൽകിയ ശിക്ഷ താഴെപറയും വിധമാണ്. 302-ാം വകുപ്പ് (കൊലപാതകം) അനുസരിച്ച് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. കേസിൽ തെളിവ് നശിപ്പിച്ചതിന് 201-ാം വകുപ്പ് അനുസരിച്ച് 7 വർഷം തടവ് ശിക്ഷയും 50,000 രൂപ പിഴയും, കൊലപ്പെടുത്താൻ വേണ്ടി കോണ്‍വൻ്റിലേക്ക് അതിക്രമിച്ച് കയറിയതിന് 449-ാം വകുപ്പ് പ്രകാരം മറ്റൊരു ജീവപര്യന്തം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ഫാദര്‍ തോമസ് കോട്ടൂരിന് കോടതി വിധിച്ചു. 

എന്നാൽ തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധിയിൽ വ്യക്തമാക്കിയത് ഫലത്തിൽ ജീവിതാന്ത്യം വരെ പ്രതികൾ ജയിലില്‍ കഴിയേണ്ടി വരും. കേസിൽ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിക്ക് 302-ാം വകുപ്പ് (കൊലപാതകം) പ്രകാരം ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും, 201-ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) അനുസരിച്ച് 7 വർഷം തടവ് ശിക്ഷയും 50000 രൂപ പിഴയുമാണ് സ്റ്റെഫിക്ക് കോടതി വിധിച്ചത്.