കേരളത്തിൽ സൈബർ ആക്രമണങ്ങളും വ്യക്തിഹത്യകളും പെരുകിവരുന്ന സാഹചര്യത്തിൽ സമൂഹവും ഭരണകൂടവും അതീവ ജാഗ്രത പുലർത്തണമെന്ന് കെ.സി.ബി.സി. വസ്തുതകൾ വളച്ചൊടിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സംഘടിത വേട്ടകൾ നിരവധി ആത്മഹത്യകൾക്കും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നതായി കമ്മീഷൻ
കേരളത്തിൽ സൈബർ ആക്രമണങ്ങളും വ്യക്തിഹത്യകളും പെരുകിവരുന്ന സാഹചര്യത്തിൽ സമൂഹവും ഭരണകൂടവും അതീവ ജാഗ്രത പുലർത്തണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷൻ ആവശ്യപ്പെട്ടു. വസ്തുതകൾ വളച്ചൊടിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സംഘടിത വേട്ടകൾ നിരവധി ആത്മഹത്യകൾക്കും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി.
മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ വിയോഗത്തിനുശേഷവും അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടന്ന മനുഷ്യത്വരഹിതമായ സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. മരണത്തെപ്പോലും രാഷ്ട്രീയ-വ്യക്തിവിരോധം തീർക്കാനുള്ള ആയുധമാക്കുന്ന ഇത്തരം പ്രവണതകൾ പരിഷ്കൃത സമൂഹത്തിന് തീരാക്കളങ്കമാണ്. മനുഷ്യത്വത്തിന്റെ സീമകൾ ലംഘിക്കുന്ന വിദ്വേഷ പ്രചാരകർക്കെതിരെ പൊലീസ് അടിയന്തരമായി ശക്തമായ നിയമനടപടി സ്വീകരിക്കണം.
സമൂഹത്തിൽ സൗഹാർദത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ഭിന്നതയും പരത്തി വർഗീയ ധ്രുവീകരണമുണ്ടാക്കാൻ സൈബർ ഗുണ്ടാ സംഘങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ട്. യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ നിന്ന് പൊതുശ്രദ്ധ തിരിച്ചുവിടാൻ ചിലർ ഇത്തരം അസത്യപ്രചാരണങ്ങളെ ആയുധമാക്കുകയാണ്. ഈ ഭീഷണികളെ ഭരണകൂടം നിസ്സാരമായി കാണരുത്. ആസൂത്രിതമായി വ്യക്തിഹത്യ നടത്തുന്ന സൈബർ കേന്ദ്രങ്ങളുടെയും അവയ്ക്ക് പിന്നിലെ സാമ്പത്തിക-രാഷ്ട്രീയ സ്രോതസ്സുകളുടെയും ഉറവിടം കണ്ടെത്തി കർശനമായി നിയന്ത്രിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്ക് ചെവികൊടുക്കാതെ, നന്മയും സത്യവും തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ജനാധിപത്യവിശ്വാസികളായ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.

