പ്രാഥമിക ചികിത്സയ്ക്കുള്‍പ്പടെ മൂന്ന് മിനിറ്റ് മാത്രമാണ് എടുത്തതെന്നാണ് ആശുപത്രിയുടെ വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലും മൂന്ന് മിനിറ്റ് മാത്രമെന്ന് പൊലീസ് പറഞ്ഞു.  

ഇടുക്കി: ബൈക്ക് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി മരിച്ചത് (student death) ചികിത്സ വൈകിയതിനെ തുടര്‍ന്നെന്ന് സഹപാഠികള്‍. കായംകുളം സ്വദേശി എസ് ഉണ്ണിക്കുട്ടന്‍റെ മരണത്തിലാണ് സഹപാഠികള്‍ തൊടുപുഴ ജില്ലാ ആശുപത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. തൊടുപുഴയിലെ സ്വകാര്യ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ഉണ്ണിക്കുട്ടന്‍ (21).

Read Also : 'വരന്‍ തന്‍റെ വിദ്യാര്‍ത്ഥി',വധുവിന്‍റെ അമ്മ പ്രതിയായതുകൊണ്ട് വിവാഹത്തില്‍ പങ്കെടുക്കാതിരിക്കാനാവില്ല: മന്ത്രി ആര്‍ ബിന്ദു

ബൈക്കപകടത്തിൽ പരിക്കേറ്റ ഉണ്ണിക്കുട്ടനെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനോ പ്രാഥമിക ചികിത്സ നൽകാനോ ജീവനക്കാര്‍ തയ്യാറായില്ലെന്നാണ് സഹപാഠികളുടെ ആരോപണം. നാട്ടുകാരടക്കം ഇടപെട്ട് രോഗിയെ പ്രവേശിപ്പിച്ചപ്പോഴേക്കും പത്ത് മിനിറ്റോളം വൈകി. ഈ കാലതാമസമാണ് ഉണ്ണിക്കുട്ടന്‍റെ ജീവനെടുത്തതെന്നാണ് പരാതി.

എന്നാൽ ആരോപണം നിഷേധിച്ച ആശുപത്രി അധികൃതര്‍ കൊണ്ടുവരുമ്പഴേ ഉണ്ണിക്കുട്ടന് ജീവനില്ലായിരുന്നെന്നാണ് പറയുന്നത്. ഇക്കാര്യം ശരിവയ്ക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളെന്ന് പൊലീസും വിശദീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ അന്തിമനിലപാടിലെത്തുവെന്നും പൊലീസ് പറഞ്ഞു. അതേസമയം ആരോപണത്തിൽ ഉറച്ചുനിൽക്കുന്ന വിദ്യാര്‍ത്ഥികൾ സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.