കോട്ടയം: പാലായിൽ ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസൻ മരിച്ച കേസിൽ സംഘാടകരായ മൂന്ന് കായിക അധ്യാപകർ അറസ്റ്റിൽ.  റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി ഡി മാർട്ടിൻ, സിഗ്നൽ ചുമതലയുണ്ടായിരുന്ന ഒഫീഷ്യൽ കെ വി ജോസഫ് എന്നിവരാണ് പാലാ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 

മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മറ്റൊരു ഒഫീഷ്യൽ പി നാരായണൻകുട്ടിയാണ് ഇനി അറസ്റ്റിലാകാനുള്ളത്. നാലുപേരെയും പ്രതിചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മൂന്നുപേർ കീഴടങ്ങിയത്. ഇവർക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്.