ബത്തേരി: അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സർവജന സ്കൂളിൽ കുട്ടികളുടെ ഉപരോധം. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ട പിടിഎ സ്കൂളിനുള്ളിൽ കയറി പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാരോപിച്ചാണ് കുട്ടികളുടെ പ്രതിഷേധം. അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. ഷഹലയുടെ  ചിത്രം പതിപ്പിച്ച പ്ലക്കാർഡുകളുമായാണ് കുട്ടികളുടെ ഉപരോധം. 

സസ്പെൻഡ് ചെയ്ത അധ്യാപകരെ പിരിച്ചുവിടണമെന്നും കേസിൽ പെട്ട നാല് പേരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുട്ടികൾ ആവശ്യപ്പെടുന്നു. വിദ്യാർത്ഥിനിയുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവിൽ തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ, ഹൈസ്കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ മോഹൻകുമാർ, പ്രിൻസിപ്പാൾ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഇവരുടെ വീട്ടിലെത്തിയ അന്വേഷണസംഘം മൊഴിയെടുക്കാനാവാതെ മടങ്ങുകയായിരുന്നു.  ഉടൻ പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഷഹലയുടെ മരണത്തെക്കുറിച്ചുള്ള മെഡിക്കൽ ബോർഡ് റിപ്പോർട്ടിന് ശേഷം അറസ്റ്റ് മതിയെന്നാണ് തീരുമാനം.