Asianet News MalayalamAsianet News Malayalam

വാക്കുപാലിച്ച് മന്ത്രി; കുട്ടികളുടെ സ്വന്തം ശാലിനി ടീച്ചറും അശ്വതി ടീച്ചറും മുണ്ടക്കൈ സ്കൂളിൽ തിരിച്ചെത്തും

ട്രാന്‍സ്ഫറായി പോയ അശ്വതി ടീച്ചറെയും ശാലിനി ടീച്ചറെയും  മുണ്ടക്കൈ സ്കൂളിലേക്ക് തന്നെ ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.

students favourite teachers salini and aswathi back to Mundakai glp school education department issued transfer order
Author
First Published Sep 4, 2024, 1:27 PM IST | Last Updated Sep 4, 2024, 1:28 PM IST

കല്‍പ്പറ്റ:ഉരുള്‍പൊട്ടൽ ദുരന്തത്തിൽ തകര്‍ന്ന മുണ്ടക്കൈ എല്‍പി സ്കൂളിലേക്ക് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട രണ്ട് അധ്യാപകരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി വിദ്യാഭ്യാസവകുപ്പ്. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ പുനപ്രവേശന ദിവസം വിദ്യാഭ്യാസ മന്ത്രിയോട് വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരികെ സ്കൂളിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്കൂളിൽ നിന്ന് സ്ഥലം മാറിപ്പോയ അവരുടെ സ്വന്തം ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും തിരികെ വേണമെന്നായിരുന്നു അവര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.

വിദ്യാര്‍ത്ഥികളുടെ സ്നേഹാഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ നിര്‍ദേശ പ്രകാരം 48 മണിക്കൂറിനവുള്ളിൽ വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരായ ശാലിനി ടീച്ചറെയും അശ്വതി ടീച്ചറെയും വിദ്യാഭ്യാസ വകുപ്പ് മുണ്ടക്കൈ സ്കൂളിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. രണ്ടു അധ്യാപകരും അടുത്ത ദിവസം തന്നെ സ്കൂളിലെത്തും. മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളിൽ അധ്യാപികയായിരിക്കെ ശാലിനി ടീച്ചര്‍ വിദ്യാര്‍ത്ഥികളുമായി സ്കൂള്‍ ഗ്രൗണ്ടില്‍ സൈക്കിളോടിക്കുന്നതിന്‍റെ വീഡിയോ ഉള്‍പ്പെടെ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കുട്ടികളും ടീച്ചറുമായുള്ള സൗഹൃദവും സ്നേഹവും പ്രകടമാകുന്ന ആ വീഡിയോ കേരളം ഒന്നടങ്കം ഏറ്റെടുക്കുയും ചെയ്തിരുന്നു. എന്നാല്‍, ഈ അധ്യയന വര്‍ഷം ശാലിനി ടീച്ചര്‍ക്ക് മീനങ്ങാടിയിലേക്കും അശ്വതി ടീച്ചര്‍ക്ക് മേപ്പാടിയിലേക്കും സ്ഥലം മാറ്റി കിട്ടി. ഇരുവരും മുണ്ടക്കൈയിൽ നിന്ന് സ്ഥലംമാറി മറ്റിടങ്ങളിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് മുണ്ടക്കൈയെയും ചൂരൽല്‍മലയെയും ഇല്ലാതാക്കി മഹാദുരന്തമായി ഉരുള്‍പൊട്ടലുണ്ടാകുന്നത്. ഉരുള്‍പൊട്ടലുണ്ടായി ഒരുമാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് മേപ്പാടി പഞ്ചായത്തിന്‍റെ കമ്യൂണിറ്റി ഹാളായ എപിജെ അബ്ദുള്‍കലാം ഹാള്‍ താത്കാലികമായി സ്കൂളാക്കി മാറ്റി മുണ്ടക്കൈ എല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പുനപ്രവേശനം നടന്നത്.

അന്ന് ചടങ്ങിന് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെ എത്തിയിരുന്നു.ഈ ചടങ്ങില്‍ വെച്ചാണ് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അവരുടെ ഒരൊറ്റ ആഗ്രഹം മന്ത്രിയോട് പറഞ്ഞ്. അവരുടെ മനസറിയുന്ന രണ്ട് ടീച്ചര്‍മാര്‍ അവരുടെ കൂടെയുണ്ടാകണമെന്നായിരുന്നു ആവശ്യം. ദുരിതം താണ്ടി വന്ന കുട്ടികളുടെ വാക്ക് തള്ളിക്കളയാതെ മന്ത്രി ഇടപെട്ടു. രണ്ടു പേരുടെയും ട്രാന്‍സ്ഫര്‍ ഉത്തരവും വൈകാതെ ഇറങ്ങി.

കുട്ടികൾക്ക് ഏറ്റവും കൂടുതൽ അനിവാര്യമായ സമയത്ത് ഒപ്പം നിൽക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നാണ് ഇരുവരുടെയും പ്രതികരണം. അതിജീവനത്തിന്‍റെ പുതിയ പാഠങ്ങളിലേക്ക് കടക്കുന്ന കുഞ്ഞുങ്ങൾ, അവരുടെ ഇഷ്ടപ്പെട്ട അധ്യാപകർക്കൊപ്പം പഠിച്ചു വളരട്ടെ. പ്രിയപ്പെട്ട അധ്യാപകരുടെ വരവിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

അനിരുദ്ധനെയും നന്ദനയെയും തനിച്ചാക്കി അവർ പോയി; പെരുമ്പടപ്പിൽ വീടിന് തീപിടിച്ച് പൊള്ളലേറ്റ മൂന്നു പേർ മരിച്ചു

നിവിന്‍ പോളിക്കെതിരായ കേസ്; പരാതി വ്യാജമെന്ന് എകെ സുനില്‍, 'പിന്നില്‍ മറ്റു ലക്ഷ്യങ്ങള്‍'
 

Latest Videos
Follow Us:
Download App:
  • android
  • ios